അമ്പതോളം കേസുകളിലെ മൂന്ന് പ്രതികൾ പിടിയിൽ
text_fieldsഅറസ്റ്റിലായ കെൻസ് സാബു, നിഖിൽ ദാസ്, ബിനു
ഗാന്ധിനഗർ: കാപ്പ കേസ് ലംഘിച്ചതടക്കം അമ്പതോളം കേസുകളിൽ പ്രതിയായ മൂന്നുപേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര വെട്ടൂർക്കവല ഭാഗത്ത് ചിറക്കൽതാഴെ സ്വദേശിയും ഞീഴൂർ ചെമ്മലക്കുഴിയിൽ വാടകക്ക് താമസിക്കുന്ന കെൻസ് സാബു (27), കാണക്കാരി കുറുമുള്ളൂർ പാറേപ്പള്ളി ഭാഗത്ത് തച്ചറുകുഴിയിൽ ബിനു ലോറൻസ് (36), കോതനല്ലൂർ ചാമക്കാല ചിറപ്പാടം ഭാഗത്ത് ചെമ്പകവീട്ടിൽ നിഖിൽദാസ് (36) എന്നിവരാണ് പിടിയിലായത്.
ഏറ്റുമാനൂർ കോട്ടമുറി ഭാഗത്ത് ബിനുവിെൻറ (36) വീട്ടിൽ സംഘം ചേർന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കെൻസും ബിനുവും നിഖിൽ ദാസും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സംഘങ്ങളായി തിരിഞ്ഞ് മൂന്നുപേരുടെ പിന്നാലെ പൊലീസും പാഞ്ഞു. ചളി നിറഞ്ഞ സ്ഥലം പിന്നിട്ട് റോഡിലെത്തിയ കെൻസ് പൊലീസിനെ കത്തികാട്ടി ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.
സമീപവാസിയുടെ കാറിലും നാട്ടുകാരുടെ ബൈക്കുകളിലുമായി പൊലീസും ഇവരെ പിൻതുടർന്നു. ഒടുവിൽ മൽപിടിത്തത്തിനുശേഷം കെൻസിനെ കീഴടക്കി.
ബൈക്ക് തട്ടിയെടുത്തതിന് ഏറ്റുമാനൂർ പൊലീസും ജോലി തടസ്സപ്പെടുത്തിയതിനും വീടുകയറി ആക്രമിച്ചതിനും കാപ്പ കേസ് ലംഘിച്ചതിനും ഗാന്ധിനഗർ പൊലീസും കേസ് എടുത്തു.
ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ കെ.കെ. പ്രശോഭ്, എ.എസ്.ഐമാരായ മനോജ്, സുരേഷ് ബാബു, എസ്.സി.പി.ഒമാരായ ഷൈജു, അജിത്കുമാർ, സി.പി.ഒമാരായ അനീഷ്, ആർ. രാജേഷ്, ടി. പ്രവീൺ, പ്രവീൺ കുമാർ, എസ്. അനു, പി.ആർ. സുനിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.