ഫോട്ടോകൾ നഗ്നചിത്രങ്ങൾക്കൊപ്പം മോർഫ് ചെയ്ത് ഭീഷണി; കുരുങ്ങിയത് നിരവധിപേർ
text_fieldsകോട്ടയം: ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾക്കൊപ്പം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സജീവം. നഗരത്തിലെ ഒരു വ്യാപാരിയാണ് സംഘത്തിന്റെ ഭീഷണിക്കിരയായത്. ഡൽഹിയിൽ താമസിക്കുന്ന യുവതി ഫോൺ വഴിയാണ് വ്യാപാരിയുമായി സൗഹൃദം സ്ഥാപിച്ചത്. ഹിന്ദി സംസാരിക്കുന്ന ഇവർക്ക് കേരളത്തിൽ ബന്ധുക്കളുണ്ടെന്നും മലയാളം മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. പിന്നീട് ഇവർ നഗ്നയായി വിഡിയോ കാളിൽ വന്നു.
ഫോൺ കട്ട്ചെയ്തതോടെ വിഡിയോ കോളിൽ വ്യാപാരിയുമായി സംസാരിക്കുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ഭാര്യക്ക് അയച്ചുകൊടുക്കുമെന്നും ഫേസ്ബുക്കിലിടുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരം ചിത്രങ്ങൾ വ്യാപാരിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഒരുലക്ഷം രൂപ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, പണം നൽകില്ലെന്ന് പറഞ്ഞ വ്യാപാരി ഫോട്ടോകൾ ഫേസ്ബുക്കിലിട്ടോളാനും പറഞ്ഞു.
തുടർന്ന് വാട്സ്ആപ്പിൽ ഡൽഹി പൊലീസിൽനിന്നാണെന്ന് പറഞ്ഞ് സന്ദേശം വന്നു. വ്യാപാരിക്കെതിരെ ഡൽഹിയിൽ കേസ് എടുത്തിട്ടുണ്ടെന്നും പണം നൽകിയാൽ ഒത്തുതീർപ്പാക്കാമെന്നും അറിയിച്ചു. ഇത്തരത്തിലുള്ള ഭീഷണികളെക്കുറിച്ച് അറിവുള്ളതിനാൽ വ്യാപാരി വഴങ്ങിയില്ല. ഇതോടെ ഇവർ അയച്ച സന്ദേശങ്ങളെല്ലാം നീക്കി. പൊലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണ് വ്യാപാരി.

