ബന്ധുക്കളും നാട്ടുകാരും കരുതി ജോസ് മരിച്ചെന്ന്; 13 വര്‍ഷത്തിനുശേഷം മയക്കുമരുന്ന് കേസ് പ്രതി അറസ്റ്റിൽ
text_fieldsജോസ്
കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ 13 വര്‍ഷത്തിനു ശേഷം അറസ്റ്റിൽ. ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുംപുറം കെ.ടി. ജോസ് (56) നെയാണ് സിറ്റി പൊലീസ് കമീഷണര്‍ വിജയ് ഭാരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ കണ്ണൂര്‍ എ.സി.പി എം.പി. ആസാദ്, നാർകോട്ടിക് സെല്‍ എ.സി.പി വി.വി. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2012ല്‍ ജോസിന്റെ വീട്ടില്‍നിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവില്‍ പോയ ശേഷം ഇയാള്‍ ഒരിക്കലും നാട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
മാതാവിന്റെയും സഹോദരന്റെയും മരണസമയത്ത് പോലും നാട്ടില്‍ വന്നില്ല. ജോസ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു.
പ്രത്യേക അന്വേഷണസംഘം നടത്തിയ മാസങ്ങള്‍ നീണ്ട സമര്‍ഥമായ അന്വേഷണത്തിനൊടുവിലാണ് ആന്ധ്രപ്രദേശ്-ഒഡിഷ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ കോഴി ഫാം നടത്തിവരുന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോസ് പിടിയിലായത്. എസ്.ഐമാരായ വിനോദ്, ഷാജി, എ.എസ്.ഐമാരായ രാജീവന്‍, സ്‌നേഹേഷ്, സജിത്ത്, ലെവന്‍, സി.പി.ഒമാരായ നാസര്‍, അനൂപ്, ഷംസീര്‍ അഹമ്മദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, മയക്കുമരുന്ന് കേസിലെ പിടികിട്ടാപ്പുള്ളി ജോസ് പിടിയിലായതറിഞ്ഞ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അത്ഭുതം. ജോസ് മരിച്ചെന്നായിരുന്നു ഇതുവരെ ബന്ധുക്കളും നാട്ടുകാരും കരുതിയത്. മരിച്ചെന്ന് പറഞ്ഞ് വീട്ടുകാര്‍ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ജോസ് മുന്നേ ഇടക്കിടെ ആന്ധ്രയില്‍ പോയി വരുന്നതായും അവിടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
ഇതിനെത്തുടര്‍ന്ന് വിശാഖപട്ടണത്തിനടുത്ത ഗ്രാമത്തിലെത്തിയ അന്വേഷണസംഘം ആഴ്ചകളോളം അവിടെ താമസിച്ച് മലയാളികളെക്കുറിച്ച് അന്വേഷണം നടത്തി. അന്വേഷണസംഘത്തിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോട്ടോ അവിടെയുള്ളവരെ കാണിച്ചപ്പോള്‍ സമാനമായ രൂപത്തിലുള്ള ആള്‍ കുറച്ചുദൂരെ കച്ചവടം നടത്തുന്നുവെന്ന വിവരം ലഭിച്ചു.
പൊലീസ് അവിടെയെത്തി ഇയാളെ കണ്ടെങ്കിലും ആന്ധ്രക്കാരനാണെന്ന് പറയുകയും അത് തെളിയിക്കാനുള്ള ആധാര്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. കോറ ജോഷ് ബാബു എന്നായിരുന്നു ആധാര്‍ കാര്‍ഡിലെ പേര്. നിരാശരായി നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയ അന്വേഷണസംഘം ഒടുവില്‍ മറഞ്ഞിരുന്ന് ഇയാളുടെ നീക്കം ശ്രദ്ധിച്ചു. അപ്പോഴാണ് ഫോണില്‍ മലയാളത്തില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ജോസ് ആണെന്ന് ഇയാള്‍ സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

