വയലിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയവർ പിടിയിൽ
text_fieldsഷെഹീർ, അലി
കണ്ണനല്ലൂർ: മുട്ടയ്ക്കാവിലെ വയലിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായി. കുളപ്പാടം ഷെഹീർ മൻസിലിൽ ഷെഹീർ (21), കുളപ്പാടം കാഞ്ഞാംകുഴി വീട്ടിൽ അലി (22) എന്നിവരാണ് പിടിയിലായത്. ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓട്ടുപാത്രങ്ങളും മറ്റും നടപ്പന്തലിനോട് ചേർന്നുള്ള മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ജൂലൈ മൂന്ന് വെളുപ്പിന് മുറിയിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളിയും അഞ്ച് നിലവിളക്കുകളും മുറിയുടെ പൂട്ടുപൊളിച്ച് മോഷ്ടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പരാതി ലഭിച്ച ഉടൻ ക്ഷേത്ര പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ സംശയകരമായി തോന്നിയ വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഏകദേശം ഇരുപതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. മോഷണം പോയ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു.
കണ്ണനല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ചാർജ് വഹിക്കുന്ന എസ്.ഐ സജീവിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒമാരായ പ്രജീഷ്, മനാഫ്, സജികുമാർ സി.പി.ഒമാരായ നജീബ്, ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

