കോർപറേഷൻ നികുതി തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ നികുതി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന നേമം സോൺ മുൻ സൂപ്രണ്ട് എസ്. ശാന്തിയാണ് അറസ്റ്റിലായത്. ഫോർട്ട് അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയും നേമം സോണൽ ഓഫീസിലെ ക്യാഷറുമായ സുനിത, ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്‍റ് ബിജു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ എസ്. ശാന്തി അടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ശാന്തി അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതി തട്ടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയത്.
സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. നേമം സോണലിൽ 2020 ജനുവരി 24 മുതല്‍ 2021 ജൂലൈ 14 വരെയുള്ള ഒന്നര വര്‍ഷത്തെ ഇടപാടുകളാണ് പരിശോധിച്ചത്. ഇതില്‍ 25 ദിവസങ്ങളില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ല.
കരമടച്ച 27 ലക്ഷം രൂപ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പകരം ബാങ്കിെൻറ സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് പണം അടച്ചെന്ന പേരില്‍ ഓഫിസില്‍ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്.
മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങിനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍.