ക്രിസ്മസ് രാത്രി വീട്ടുകാര്‍ പള്ളിയിൽ പോയി; തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 71 പവൻ സ്വർണം കവർന്നു
text_fieldsrepresentational image
തിരുവനന്തപുരം: ക്രിസ്മസ് രാത്രി വീട്ടുകാര്‍ പള്ളിയിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് 71 പവനോളം സ്വർണാഭരണങ്ങള്‍ കവര്‍ന്നു. കാട്ടാക്കട കട്ടയ്ക്കോട് കൊറ്റംകുഴി തൊഴുക്കൽകോണം ഷൈൻ കുമാറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
വൈകിട്ട് ആറ് മണിയോടെയാണ് ഷൈന്‍ കുമാറും കുടുംബവും വീടിനടുത്തുള്ള പള്ളിയില്‍ പോയത്. തുടര്‍ന്ന് രാത്രി ഒൻപത് മണിയോടെ ഷൈൻ കുമാറിന്റെ ഭാര്യ അനുഭ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വീടിന്‍റെ മുന്‍വശത്തുള്ള പ്രധാന വാതിലിന് അടുത്തുള്ള മറ്റൊരു വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബന്ധുക്കളെ പള്ളിയിൽ നിന്നും വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാര ഉൾപ്പെടെ കുത്തിത്തുറന്നതായും ആഭരണങ്ങൾ നഷ്ടപ്പെട്ടതായും അറിയുന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ബ്രേസ്‌ലെറ്റ്, വള, മോതിരം, നെക്ലസ് ഉൾപ്പെടെയുള്ള71 ലധികം പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. അനുഭയുടെ സഹോദരിയും ഭർത്താവും സ്ഥലത്തില്ലാത്തതിനാൽ അവരുടെ സ്വർണവും ഉള്‍പ്പെടെ ഷൈന്‍ കുമാറിന്‍റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വീട്ടിലെ വൈദ്യുതി വിഛേദിക്കാൻ ഫ്യൂസ് ഊരി മാറ്റിയിട്ടുണ്ട്.
അലമാര ഉൾപ്പെടെ പൂട്ടുണ്ടായിരുന്ന എല്ലാം കുത്തിത്തുറന്നിട്ടുണ്ട്. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാകെ വീടിനുള്ളിൽ വാരി പുറത്തിട്ട സ്ഥിതിയിലായിരുന്നു. മുന്നിലെ പ്രധാന വാതിൽ കുത്തിപ്പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കാട്ടാക്കട പോലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംഘം എത്തി തെളിവെടുത്തു. ഫോറൻസിക് പരിശോധനയും നടത്തി. റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

