ബംഗളൂരുവിൽ എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ 7.11 കോടി രൂപ കവർന്നു; കവർച്ചക്കാർ എത്തിയത് ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ്
text_fieldsബംഗളൂരു: നഗരത്തിൽ പട്ടാപ്പകൽ വൻ കവർച്ച. എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ 7.11 കോടി രൂപ മോഷ്ടാക്കൾ കവർന്നു. ബംഗളൂരു നഗരത്തിലെ ജയനഗറിലെ അശോക് പില്ലറിന് സമീപം ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിറക്കാനായി കൊണ്ടുപോയ പണമാണ് കവർന്നത്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ കവർച്ചാസംഘമാണ് കവർച്ച നടത്തിയത്. രണ്ട് ജീവനക്കാരാണ് വാനിൽ എ.ടി.എമ്മിൽ പണം നിറക്കാനായി കൊണ്ടുപോയത്. അശോക് പില്ലറിന് സമീപമെത്തിയപ്പോൾ ഒരു ഇന്നോവ കാറിലെത്തിയ സംഘം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വാൻ തടഞ്ഞത്. കാറിൽ ഗവ. ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ചിരുന്നു.
തുടർന്ന് ഐ.ഡി കാർഡ് കാണിച്ച ഇവർ രേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വാനിലെ ജീവനക്കാരെയും കാറിലേക്ക് കയറ്റി. പണം ഇന്നോവ കാറിലേക്ക് മാറ്റിയതിനു ശേഷം ജീവനക്കാരിൽ നിന്ന് പല പേപ്പറുകളും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ഡെയറി സർക്കിളിന് സമീപമെത്തിയപ്പോൾ കാറിൽ നിന്ന് ജീവനക്കാരെ ബലമായി പുറത്താക്കി. തുടർന്ന് കവർച്ച സംഘം ബെന്നാർഘട്ട റോഡിലൂടെ അതിവേഗം കാറോടിച്ചു പോവുകയും ചെയ്തു. സംഭവത്തിൽ പൊലീസ് നഗരത്തിലെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച് അന്വേഷണം തുടങ്ങി. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

