തോക്ക് ചൂണ്ടി രക്ഷപ്പെട്ട മോഷ്ടാക്കൾ കേരളം വിട്ടു; പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ തോക്ക്ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം പൊലീസ് വലപൊട്ടിച്ച് നാടായ ഉത്തർപ്രദേശിലേക്ക് കടന്നതായി വിവരം. പൊലീസ് സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച് മോഷ്ടാക്കൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് സംഘം നാടുവിട്ടത്.
ഈ സംഘത്തിലുൾപ്പെട്ട മറ്റ് ആളുകൾ തലസ്ഥാനത്തുണ്ടോയെന്ന് ഉറപ്പിക്കാനും പൊലീസിന് സാധിച്ചിട്ടില്ല. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഈ സംഭവത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ തുടക്കം മുതൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായത്.
ഫോർട്ട് സ്റ്റേഷൻ പരിധിയിലെ ആറ്റുകാലിന് സമീപമുള്ള വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നതും തുമ്പയിൽ മോഷണം നടത്തിയതുമായ വിവരങ്ങൾ പൊലീസ് കൃത്യമായി മറ്റ് സ്റ്റേഷനുകൾക്ക് കൈമാറിയില്ല. ഇടപ്പഴഞ്ഞിയിൽ മോഷണശ്രമത്തിനിടെ തോക്ക് ചൂണ്ടി സംഘം രക്ഷപ്പെട്ടെങ്കിലും മോഷ്ടാക്കളുടെ കൈവശം തോക്കുണ്ടെന്ന സന്ദേശം പൊലീസ് കൺട്രോൾ റൂമിൽ നിന്ന് കൈമാറിയില്ല.
ശ്രീകണ്ഠേശ്വരത്തിന് സമീപം മോഷ്ടാക്കളെ കണ്ടിട്ടും തോക്കുണ്ടെന്ന് അറിയാതെയാണ് പൊലീസുകാരൻ അവരെ തടഞ്ഞത്. മോഷ്ടാക്കൾക്കായി പൊലീസ് തിരയുമ്പോൾ അവർ നഗരത്തിൽ തന്നെയുണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നതും.
മോഷണശ്രമത്തിന് ശേഷം പ്രധാന പ്രതി മോനിഷും കൂട്ടരും കാറിലാണ് കൊല്ലത്തേക്ക് പോയത്. ശേഷം അവിടെ നിന്ന് ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. ആറംഗ സംഘമാണ് മോഷണത്തിനായി തലസ്ഥാനത്ത് എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ശേഷിക്കുന്ന നാലുപേർ എവിടെയെന്നും പൊലീസിന് കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

