മോഷ്ടാക്കളായ ദമ്പതികള്‍ പിടിയില്‍
text_fieldsബിജു, ലക്ഷ്മി
അമ്പലപ്പുഴ: ആശുപത്രിയിലെത്തുന്നവരുടെ ബാഗില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവരുന്ന ദമ്പതികൾ പിടിയിൽ. കൊല്ലം കുണ്ടറ ജോസഫ് വിലാസത്തിൽ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഒ.പി ഹാളിന്റെ പരിസരത്തുവെച്ച് കഴിഞ്ഞ അഞ്ചിന് നൂറനാട് സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷണം പോയതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലാകുന്നത്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധനയിലാണ് മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30ന് സംശയാസ്പദമായ രീതിയിൽ രണ്ടുപേർ ഇരിക്കുന്നത് കണ്ട എയ്ഡ് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസർ അനശ്വർ, ഗ്രേഡ് എസ്.ഐ ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇരുവരെയും തിരിച്ചറിഞ്ഞു.
സബ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫ്, ജൂനിയർ സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

