കരുളായിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവർന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ
text_fieldsകരുളായിയിൽ മോഷണം നടന്ന പാറക്കൽ അഷ്‌റഫിന്റെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞ
മോഷ്ടാവിന്റെ ദൃശ്യം
കരുളായി: പള്ളിക്കുന്നിൽ വീടിന്റെ വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു. പള്ളിക്കുന്നിലെ പാറക്കൽ അഷ്‌റഫിന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. അഷ്‌റഫിന്റെ മകൾ ഡോ. ഷംനയുടെ മൂന്നര ഗ്രാമോളം വരുന്ന സ്വർണമാലയാണ് കവർന്നത്. സമീപ വീട്ടിൽനിന്ന് ഏണി എത്തിച്ച് വീടിന്റെ മുകൾ നിലയിൽ കയറിയ മോഷ്ടാവ്, പുറത്തേക്കുള്ള വാതിൽ തുറന്നാണ് അകത്തുകടന്നത്. മുകൾ നിലയിലെ മുറികളിലെല്ലാം കയറിയ മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ടു. തുടർന്നാണ് ഷംന ഉറങ്ങുന്ന മുറിയിലെത്തി മാല പൊട്ടിച്ചത്.
മാല പൊട്ടിക്കുന്നതിനിടെ ഷംന ഉണർന്ന് ബഹളം വെച്ചെങ്കിലും തുറന്നിട്ട വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം മേഖലകളിലും സമാനമായ മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളുമായി പുതിയ മോഷണത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് മോഷണ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ മോഷ്ടാവിനെ എത്രയും വേഗം പിടികൂടണമെന്നാണ് ജനകീയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

