സ്വന്തം മൊബൈൽ പോയതോടെ കള്ളന് 'മാനസാന്തരം'; ഒടുവിൽ പൊലീസിന്റെ പിടിയിൽ
text_fieldsവിഷ്ണു പ്രസാദ്
മൂവാറ്റുപുഴ: വയോധികയുടെ കണ്ണില് മുളകുപൊടി വിതറി മാല പൊട്ടിച്ച് കടന്ന മോഷ്ടാവിന് സ്വന്തം മൊബൈൽ നഷ്ടമായെന്നറിഞ്ഞതോടെ 'മാനസാന്തരം'. ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പം വയോധികയെ കണ്ട് മാലതിരികെ ഏൽപിച്ച് ക്ഷമപറയാനെത്തിയ മോഷ്ടാവ് ഒടുവിൽ പൊലീസ് പിടിയിലായി.
ഇടുക്കി ഉടുമ്പന്നൂർ കണിയപറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദിനെയാണ് (29) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാർ കക്കാടംകുളം ജങ്ഷന് സമീപം പുനത്തിൽ പരേതനായ കുമാരന്റെ ഭാര്യ മാധവിയുടെ (60) മൂന്നു പവന്റെ മാലയാണ് പിടിച്ചുപറിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിനോടു ചേർന്നു പലചരക്കു കട നടത്തുന്ന മാധവിയുടെ കടയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ വിഷ്ണു കുറച്ച് പലചരക്ക്സാധനങ്ങൾ ആവശ്യപ്പെട്ടു. ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തിയ ശേഷമാണ് ഇയാൾ കടയിൽ കയറിയത്. സാധനങ്ങൾ എടുത്തു നൽകി വില കണക്കുകൂട്ടുന്നതിനിടെ ഇയാൾ മുളകുപൊടി മാധവിയുടെ കണ്ണിലേക്കെറിഞ്ഞ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിയിൽ മാധവി വീണുപോയെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ മാധവി പിടിച്ചെടുത്തു. ഇവർ ബഹളം വെച്ചതോടെ മോഷ്ടാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളുടെ മൊബൈൽ പരിശോധിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
ഇൻസ്പെക്ടർ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇടുക്കി ഉടുമ്പന്നൂരുള്ള പ്രതിയുടെ വീട്ടിൽ എത്തി. ഇതിനിടെ കുടുംബസമേതം വേളാങ്കണ്ണിക്ക് മുങ്ങിയ പ്രതിയെ തിരക്കി പ്രതിയുടെ ഭാര്യ വീടായ വാഗമൺ ഭാഗത്ത് അന്വേഷണം നടത്തിയിരുന്നു.
പിടികൂടും എന്ന് ഉറപ്പായതോടെ പ്രതി ചൊവ്വാഴ്ച രാവിലെ കുടുംബ സമേതം മാധവിയുടെ വീട്ടിൽ എത്തി ക്ഷമപറഞ്ഞ് മാലയും ഏൽപിച്ച് രക്ഷപ്പെടാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടെ സഹതാപം തോന്നിയ മാധവി, പ്രതിക്ക് 500 രൂപ പാരിതോഷികമായി നൽകി. പ്രതി എത്തിയ വിവരം അറിഞ്ഞ് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിലും പ്രതിയാണ് വിഷ്ണു പ്രസാദ്.