കല്‍മണ്ഡപം മോഷണം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsവിമൽകുമാർ, ബഷീറുദ്ദീൻ, തൗഫീഖ്
പാലക്കാട്: കൽമണ്ഡപത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയകേസിൽ മൂന്നുപേർ അറസ്റ്റിൽ. മോഷണസംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരും ആസൂത്രണം ചെയ്ത ഒരാളുമാണ് പിടിയിലായത്. മോഷണത്തിൽ നേരിട്ട് പങ്കെടുത്ത പുതുനഗരം മങ്ങോട് രാമാംബുജം വീട്ടിൽ വിമൽകുമാർ (41), പുതുനഗരം ലക്ഷംവീട് കോളനിയിലെ ബഷീറുദ്ദീൻ (32), മോഷണം ആസൂത്രണം ചെയ്ത പുതുനഗരം സൗത്ത് സ്ട്രീറ്റിലെ തൗഫീക്ക് (23) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണത്തിൽ നേരിട്ട് പങ്കെടുത്ത പുതുനഗരം സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയെ ആക്രമിച്ചാണ് ഈ മാസം 13ന് മോഷണം നടത്തിയത്. കേസിൽ നേരത്തെ സ്വർണം വിൽക്കാൻ സഹായിച്ച വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34), വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അൻസാരിയുടെ വീട്ടിൽനിന്ന് 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചത്. ഷെഫീനയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽതിരുകി കയറുകൊണ്ട് കെട്ടിയിട്ടായിരുന്നു മോഷണം. കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ്ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, എ. രംഗനാഥൻ, കെ. ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. ശിവാനന്ദൻ, പി. നിഷാദ്, എം. രാജീദ്, കെ. മാർട്ടിൻ, സിവിൽ പൊലീസ് ഓഫീസർ പി. ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

