സ്വകാര്യ ബസിൽ പോക്കറ്റടി; യുവാവ് അറസ്റ്റിൽ
text_fieldsഫാറൂഖ്
ചാവക്കാട്: സ്വകാര്യബസിൽ കയറി യാത്രക്കാരെ പോക്കറ്റടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പുതിരുത്തി സ്വദേശി കുഞ്ഞിരിയകത്ത് ഫാറൂഖിനെയാണ് (40) അറസ്റ്റ് ചെയ്തത്.
പൊന്നാനി-ചാവക്കാട് റൂട്ടിലോടുന്ന മിനി വെറ്റ് ബസിൽ കയറി യാത്രക്കാരനെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരും ബസ് ജീവനക്കാരും ഇയാളെ പിടികൂടുകയായിരുന്നു.
സ്വകാര്യബസുകളിൽ മോഷണം വ്യാപകമാകുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്‍റെ നിർദേശപ്രകാരം ചാവക്കാട് എസ്.എച്ച്.ഒ വിപിൻ വേണുഗോപാലിന്‍റെ നേതൃത്വത്തിൽ സ്വകാര്യബസ് അസോസിയേഷനുമായി സഹകരിച്ച് രഹസ്യനിരീക്ഷണം നടത്തിവരുകയാണ്. അതിനിടെയാണ് തിങ്കളാഴ്ച പോക്കറ്റടി ശ്രമമുണ്ടായത്. ചാവക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരവധി തവണ ബസിൽ കയറി മോഷണം നടത്തിയിട്ടുണ്ടെന്ന് മനസ്സിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.