ബസുകളിൽ മോഷണം തുടർക്കഥ: ഒരാഴ്ചക്കിടെ എട്ട് സ്ത്രീയാത്രക്കാരുടെ പണവും സ്വർണവുമാണ് കവർന്നത്
text_fieldsമൂവാറ്റുപുഴ: മേഖലയിൽ ബസ് യാത്രക്കാരുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കുന്ന സംഘം തമ്പടിക്കുന്നു. ഒരാഴ്ചക്കിടെ എട്ട് സ്ത്രീയാത്രക്കാരുടെ പണവും സ്വർണവുമാണ് കവർന്നത്. വെള്ളിയാഴ്ച മാത്രം രണ്ടു സംഭവമാണ് നടന്നത്.
പേഴയ്ക്കാപ്പിള്ളിയിൽനിന്ന് മൂവാറ്റുപുഴക്ക് വരുകയായിരുന്ന വീട്ടമ്മയുടെയും കടാതിയിൽനിന്ന് മേക്കടമ്പിന് പോകുകയായിരുന്ന സ്ത്രീയുടെയും പഴ്സുകളാണ് മോഷ്ടിച്ചത്.
ഡിസംബർ 31ന് സ്വകാര്യ ബസിൽനിന്ന് മഠത്തിക്കുടിയിൽ മിനിമോളുടെ ഒരു പവെൻറ മാലയും 1000 രൂപയുമാണ് കവർന്നത്. രാവിലെ 9.45 പുളിഞ്ചുവട് കവലയിൽനിന്ന് ബസിൽ കയറിയ വീട്ടമ്മ ഒന്നര കിലോമീറ്റർ ഇപ്പുറം വെള്ളൂർകുന്നത്ത് ബസിറങ്ങുമ്പോഴേക്കും മോഷണം നടന്നിരുന്നു. എ.ടി.എം കാർഡുകളും മറ്റു വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗും നഷ്ടമായി.
തൊട്ടടുത്ത ദിവസം പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽനിന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൈങ്ങോട്ടൂരിലെ വീട്ടിലേക്കു പോകുകയായിരുന്ന നഴ്സിെൻറ പഴ്സ് ബസ് യാത്രക്കിടെ നഷ്ടമായി. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടെ 5000 രൂപയടങ്ങുന്ന പഴ്സും ഇതേ ബസിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. വെള്ളിയാഴ്ച മേക്കടമ്പിലുള്ള സ്ത്രീയുടെ പണമടങ്ങുന്ന പഴ്സ് കടാതിക്കും മേക്കടമ്പിനും ഇടയിൽ ബസിൽനിന്ന് നഷ്ടമായി. മോഷണങ്ങൾക്കു പിന്നിൽ സ്ത്രീകളുടെ സംഘമാണെന്നാണു സൂചന. മാന്യമായ വസ്ത്രം ധരിച്ച് സമീപത്തുനിന്ന സ്ത്രീകളെയാണ് സംശയം.
ഇവർ തമിഴ് കലർന്ന മലയാളത്തിലാണ് സംസാരിച്ചിരുന്നതെന്ന് മോഷണത്തിനിരയായവർ പറയുന്നു. ഇതേതുടർന്ന് ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, മോഷണം വർധിച്ചിട്ടും നടപടി സ്വീകരിക്കാതെ പൊലീസ് നിസ്സംഗതയിലാണെന്നാണ് ആക്ഷേപം.