കവർച്ച; പ്രതി പിടിയിൽ
text_fieldsബാദുഷ
കാഞ്ഞങ്ങാട്: പുരുഷന്മാർ രാത്രി തറാവീഹ് നമസ്കാരത്തിന് പള്ളിയിൽ പോയ സമയം നോക്കി മരത്തിൽ കയറി വീട്ടിനകത്ത് കയറാനുള്ള ശ്രമത്തിനിടെ കവർച്ചക്കാരൻ പിടിയിൽ. പള്ളിക്കര കല്ലിങ്കാലിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടിയാണ് സംഭവം.
മുമ്പ് പള്ളിക്കര പള്ളിപ്പുഴയിൽ താമസിച്ചിരുന്ന ബാദുഷ ഇബ്രാഹിമിനെയാണ് (24) നാട്ടുകാർ പിടികൂടി ബേക്കൽ പൊലീസിന് കൈമാറിയത്. കല്ലിങ്കാലിലെ ഹക്കീമിന്റെ വീട്ടിൽ കയറാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്.വീടിനോട് ചേർന്നുളള മരത്തിൽ കയറിയശേഷം ശിഖരം വഴി വീട്ടിനകത്ത് കയറി വാതിൽ കുത്തിത്തുറക്കാനായിരുന്നു പദ്ധതി. ഇതിനിടയിൽ യുവാവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. മരത്തിൽ നിന്നും വീണ യുവാവിനെ നാട്ടുകാർ ഓടിച്ചു പിടികൂടി. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നേരത്തെ മോഷണക്കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് പള്ളിക്കരയിൽ താമസിച്ചിരുന്ന പ്രതി അടുത്തിടെ ഈ ഭാഗത്ത് വന്നിരുന്നില്ല.
ബംഗളൂരുവിലായിരുന്നു യുവാവെന്നാണ് സൂചന. പ്രതിക്കൊപ്പം മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നതായും ഇവർ ഓടി രക്ഷപ്പെട്ടതായുമാണ് നാട്ടുകാർ പറയുന്നത്. കല്ലിങ്കാൽ, പൂച്ചക്കാട് ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ നടന്ന നിരവധി കവർച്ചകൾക്ക് പിന്നിലും ഇതേ പ്രതിയാണോ എന്ന് പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
തറാവീഹ് നമസ്കാരം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നവരാണ് പ്രതിയെ പിടികൂടിയത്. പത്തിലേറെ വീടുകളിലായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ മോഷ്ടാക്കൾ കയറിയത്. ചില വീടുകളിൽ നിന്നും പണം നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

