Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലക്ഷ്യം ആഢംബര ജീവിതം,...

ലക്ഷ്യം ആഢംബര ജീവിതം, പണം തീർന്നാൽ പിന്നെ ബൈക്കിൽ കറങ്ങി മോഷണം; കമിതാക്കളടക്കം പിടിയിൽ

text_fields
bookmark_border
robbery
cancel
camera_alt

അൻവർഷാ,ആതിര, ജയകൃഷ്ണൻ

കായംകുളം: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് മാല പൊട്ടിച്ച്​ കൈക്കലാക്കുന്ന സംഘം പിടിയിൽ. തഴവ കടത്തൂർ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ (ഉണ്ണി 19 ), കമിതാക്കളായ ഏന്തിയാർ ചാനക്കുടിയിൽ ആതിര (24), പത്തിയൂർ കിഴക്ക് വെളുത്തറയിൽ അൻവർഷാ (22), എന്നിവരാണ് പിടിയിലായത്. മേനാമ്പള്ളിയിൽ വച്ച് പട്ടാപകൽ വൃദ്ധയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ സ്വർണ മാല കവർച്ച ചെയ്ത കേസ്​ അന്വേഷിക്കവെയാണ്​ ഇവർ പിടിയിലായത്​.

പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിത് ഭവനത്തിൽ ലളിതയാണ് (60) കവർച്ചക്കിരയായത്. ആഗസ്ത് 26 ന് ഉച്ചക്കായിരുന്നു സംഭവം. അൻവർഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേന ലളിതയുടെ സമീപം ബൈക്ക് നിർത്തിയ ശേഷമായിരുന്നു കവർച്ച. തുടർന്ന് കൃഷണപുരം മുക്കടക്ക് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മാല ഓച്ചിറയിലെ സ്വർണ്ണാഭരണശാലയിൽ വിറ്റതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. മൂന്നാർ, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം തിരുവല്ലയിൽ നിന്നും പ്രതികൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.

25 ന് അൻവർഷായും ആതിരയും ചേർന്നാണ് ബൈക്ക് മോഷ്ടിച്ചത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ കോലാർ ജില്ലയിലെ സ്വർണ നഗർ പ്രദേശത്തും ഇവർ കവർച്ച നടത്തിയിരുന്നു. വൃദ്ധയുടെ കഴുത്തിൽ നിന്നും ഒമ്പതര പവൻ വരുന്ന മാലയാണ് കവർന്നത്. ഇവരെ പിന്തുടരുന്നതിനിടെ കേരളത്തിലേക്ക് കടന്ന സംഘത്തെ പൊലീസ് ആസൂത്രിതമായി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബംഗളൂരുവിലെ കവർച്ചയടക്കം സമ്മതിച്ചത്.

പണം തീരുന്ന മുറക്ക് മോഷണം എന്നതാണ് രീതി. ഇതിലൂടെ ആഢംബര ജീവിതമായിരുന്നു ലക്ഷ്യം. അൻവർ ഷായും, ജയകൃഷ്ണനും നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലെ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ആതിര നാല് വർഷം മുമ്പാണ് അൻവർ ഷാക്ക് ഒപ്പം കൂടിയത്.

ഓച്ചിറയിലെത്തിച്ച പ്രതികളുടെ സാന്നിധ്യത്തിൽ സ്വർണ്ണക്കടയിൽ നിന്നും മാല വീണ്ടെടുത്തു. ഇവർ കടയിൽ മാല വിൽക്കുവാൻ എത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ജയകൃഷ്ണനാണ് മാല വിൽക്കാൻ സഹായിച്ചത്. ഇയാളുടെ മൊബൈലാണ് അൻവർഷാ ഉപയോഗിച്ചിരുന്നത്. മൊബൈൽ ടവർ ലൊക്കേഷനുകളാണ് പ്രതികളെ പിന്തുടരാൻ സഹായിച്ചത്. ജയകൃഷ്ണനാണ് ആദ്യം പിടിയിലാകുന്നത്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പ്രതികളെ എറണാകുളത്തെ ആഢംബര ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതി റിമാന്‍റ്​ ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി പറഞ്ഞു.

എസ്.ഐ ആനന്ദ്കൃഷ്ണൻ, എ.എസ്.ഐ ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനുമോൻ, ലിമു മാത്യു, മനോജ്, റെജി, അനൂപി, ബിജു രാജ്, സതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
TAGS:Theft 
News Summary - Theft; lovers Arrested, in Kayamkulam
Next Story