പൊഴുതനയിൽ മോഷണം പതിവാകുന്നു; നാലുമാസത്തിനിടയിൽ നാലിടങ്ങളിൽ കവർച്ച
text_fieldsപൊഴുതന: പൊഴുതന പഞ്ചായത്തിൽ മോഷണം പതിവാകുന്നു. പലസ്ഥലങ്ങളിലായി മോഷണം നടന്നിട്ടും ഇതുവരെ കള്ളനെ പിടികൂടാനായിട്ടില്ല. വീടുകളും കടകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവർച്ച പതിവായതോടെ രാത്രികാലങ്ങളിൽ പ്രദേശത്തെ ജനങ്ങളുടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞദിവസം പുലർെച്ച ആനോത്ത് ജങ്ഷനിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കള്ളന്മാർ സാധനങ്ങൾ മോഷ്ടിച്ചു. മംഗരതൊടി ആഷ്റഫിന്റെ വീട്ടിൽ കുടുംബം ആശുപത്രിയിൽ പോയപ്പോഴാണ് മോഷ്ടാക്കൾ വീട്കുത്തി പൊളിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയിൽ പൊഴുതന പഞ്ചായത്തിലെ നാലോളം സ്ഥലങ്ങളിലാണ് കള്ളൻ കയറിയത്.
ഒരാഴ്ച മുമ്പ് അത്തിമൂല കാരറ്റ ശിവക്ഷേത്രം കുത്തിപ്പൊളിച്ചു അയ്യായിരം രൂപയോളം കവർന്നിരുന്നു.
ഇതിന് പുറമെ അച്ചൂർ സ്വദേശിയായ റാഫി എന്ന വ്യാപാരിയുടെ ഇൻഷാ എന്ന പേരിലുള്ള മൊബൈൽ ഷോപ്പ് കുത്തിതുറന്ന മോഷ്ടാക്കൾ ലക്ഷക്കണക്കിന് രൂപയുടെ മെബൈൽ ഫോണുകളും 1500 രൂപയും കവർന്നു. അടുത്തിടെ നടന്ന മോഷണങ്ങളിൽ വലിയ രീതിയിൽ നടന്നതും മൊബൈൽ ഷോപ്പിലെ കവർച്ചയാണ്.
ഇവരുടെ സി.സി. ടി.വിയിൽ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.
ദിവസങ്ങങ്ങൾക്ക് മുമ്പ് അച്ചൂർ 22 ൽ നിർത്തിയിട്ട കാർ തകർക്കുകയും വ്യാപാരിയുടെ പണം കവരുകയും ചെയ്തു. പ്രദേശത്ത് മോഷണം തുടർക്കഥയായിട്ടും കള്ളന്മാരെ പിടിക്കാത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.
മോഷ്ടാക്കളെ പിടികൂടി പ്രദേശത്തെ സ്വൈരജീവിതം തിരിച്ചുകൊണ്ടുവരാൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മോഷണം പതിവായ പൊഴുതന പഞ്ചായത്തിലെ വിവിധയിടങ്ങളിൽ രാത്രികാല പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

