മോഷണം: മൂന്നംഗ സംഘമെന്ന് സൂചന, മൂന്ന് മൊബൈൽ ഫോണും 7000 രൂപയും കണ്ടെടുത്തു
text_fieldsമോഷണം നടന്ന സേവ്യറിന്റെ വീട്ടിൽ ഫോറന്‍സിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ചെറായി: മുനമ്പം മേഖലയിലെ വീടുകളിൽ മോഷണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാക്കൾ ഉപേക്ഷിച്ച ഇരുചക്രവാഹനത്തിൽനിന്ന് പൊലീസ് മൂന്ന് മൊബൈൽ ഫോണും 7000 രൂപയും മുക്കുപണ്ടങ്ങളും കണ്ടെടുത്തു. അഞ്ചു വീട്ടിലാണ് മോഷണശ്രമം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം.
സംസ്ഥാന പാതക്കരുകിൽ പള്ളിപ്പുറം മഞ്ഞുമാത പള്ളിയുടെ മുന്നിലുള്ള സേവി താണിപ്പിള്ളിയുടെ വീട്ടിലാണ് മോഷ്ടാക്കൾ ആദ്യം എത്തിയത്. വീട്ടുകാര്‍ വേളാങ്കണ്ണിക്ക് പോയിരിക്കുകയായിരുന്നു. തൊട്ടടുത്ത മാവിലൂടെ മുകളിൽ കയറിയ സംഘം വാതിൽ പൊളിച്ചു അകത്തുകടന്ന് ഷെൽഫുകളും അലമാരകളും കുത്തിത്തുറന്ന് പരിശോധിച്ചെങ്കിലും സ്വർണമോ പണമോ ലഭിച്ചില്ല. ലഭിച്ച ഐ ഫോണുമായി സംഘം പോര്‍ച്ചിലിരുന്ന സ്‌കൂട്ടറിൽ സ്ഥലം വിട്ടു.
ഇതിനുശേഷം മുനമ്പം സെന്റ് ജോസഫ് പള്ളിക്ക് സമീപം താമസിക്കുന്ന കുറിഞ്ഞിപ്പറമ്പിൽ ശശിയുടെ വീട്ടിലെത്തി വീട് കുത്തിപ്പൊളിച്ച് രണ്ട് മൊബൈൽ ഫോണും 7000 രൂപയും അപഹരിച്ചു. അലമാരയിൽ സൂക്ഷിച്ച മുക്കുപണ്ടവും കവർന്നു. തിരികെ സംസ്ഥാനപാതയിലൂടെ വരുമ്പോള്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുവെച്ച് മോഷ്ടിച്ച ഇരുചക്രവാഹനത്തിലെ ഇന്ധനം തീര്‍ന്നു. തുടര്‍ന്ന് സംഘം നെടുമ്പറമ്പിൽ അയ്യപ്പന്‍റെ വീട്ടുവളപ്പിൽ കയറി പോര്‍ച്ചിൽ ഇരുന്ന ബൈക്കിലെ പെട്രോള്‍ ഊറ്റുന്നതിനിടെ വീട്ടുകാർ ഉണർന്നു. ഇതോടെ സംഘം കടന്നുകളഞ്ഞു. വീട്ടുകാർ പിന്തുടർന്ന് റോഡിൽ നോക്കിയപ്പോഴാണ് ഇരുചക്രവാഹനം ഇരിക്കുന്നത് കണ്ടത്. മൂന്ന് ഫോണും പണവും ആഭരണങ്ങളും ഇതിലുണ്ടായിരുന്നു. നമ്പര്‍ പരിശോധിച്ചു ഉടമയെ തിരിച്ചറിഞ്ഞു. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ കുടുംബം വേളാങ്കണ്ണിയിലാണെന്നറിഞ്ഞു. ഉടന്‍ സ്ഥലത്തുള്ള ബന്ധുവും ചിലരും ചേര്‍ന്ന് സേവിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.
ഇതിനിടെ ഈ ഭാഗത്ത് തന്നെയുള്ള പടമാട്ടുമ്മ ടോമി എന്നയാളുടെ വീട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരകളും ഷെൽഫുകളും തകര്‍ത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. വിവരമറിഞ്ഞ് പൊലീസെത്തി വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പാണ്ടികശാലക്കൽ മണിയുടെ വീട്ടുമുറ്റത്ത് സൂക്ഷിച്ച മറ്റൊരാളുടെ മോട്ടോര്‍ സൈക്കിളുമായി മാണി ബസാറിലൂടെ മാല്യങ്കര പാലം വഴിയാണ് സംഘം കടന്നുകഞ്ഞത്. മൂന്നംഗ സംഘം എത്തിയത് മോട്ടോര്‍ സൈക്കിളിലാണെന്നാണ് സൂചന.
തിരികെ പോയപ്പോള്‍ മോഷ്ടിച്ചെടുത്ത ബൈക്കും കൊണ്ടുപോയിട്ടുണ്ട്. മുനമ്പം ഡിവൈ.എസ്.പി, ബിനുകുമാര്‍, ഞാറക്കൽ സി.ഐ എ.എ. യേശുദാസ്, എസ്.ഐ കെ.എസ്. ശ്യാം കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ഥലവും കാര്യങ്ങളും കൃത്യമായി അറിയാവുന്നർ സംഘത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ചുവീടുകളിൽ നാലു വീടും സംസ്ഥാന പാതക്കരുകിലുള്ളതാണ്. ഗേറ്റ് പുറത്തുനിന്ന് പൂട്ടിയ വീടുകളിലാണ് സംഘം മോഷണത്തിന് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മോഷണം നടന്ന വീടുകളിൽനിന്ന് വിരലടയാളം ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

