കടയുടെ ഷട്ടർ തകർത്ത് മോഷണം; പ്രതി പിടിയിൽ
text_fieldsഫിറോസ്
പയ്യോളി: ഇരിങ്ങലിലും പയ്യോളിയിലും കഴിഞ്ഞ ദിവസം നടന്ന മോഷണ പരമ്പരയിലെ ഒരു പ്രതി പൊലീസിന്റെ പിടിയിലായി. ഇരിങ്ങൽ കോട്ടക്കൽ ഖദീജ മൻസിലിൽ തത്ത ഫിറോസ് എന്ന ഫിറോസിനെയാണ് (39) മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചോമ്പാല എസ്.ഐ. രഞ്ജിത്തും സംഘവുമടങ്ങുന്ന പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കാളിയിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബു പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപത്തെ ‘കലവറ’ സ്റ്റോറിന്റെ ഷട്ടർ തകർത്ത് മുപ്പതിനായിരം രൂപ തത്ത ഫിറോസ് അടങ്ങുന്ന മോഷണസംഘം കവർന്നത്. സംഭവ ദിവസം സമീപത്തെ സി.സി ടി.വിയിൽ മോഷണസംഘത്തിലെ രണ്ടു പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേ ദിവസം തന്നെ പയ്യോളി ടൗണിലെ രണ്ടു കടകളിലും മോഷണശ്രമം നടന്നിരുന്നു. രണ്ടാമനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

