ആക്രിക്കടയിൽ മോഷണം
text_fieldsനീലേശ്വരം തെരുവത്ത് റോഡ് ജങ്ഷനിൽ മോഷണം നടന്ന ആക്രിക്കട പൊലീസ് പരിശോധിക്കുന്നു
നീലേശ്വരം: തെരുവത്ത് റോഡു ജങ്ഷനിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആക്രിക്കടയിൽ മോഷണം. മുനീറിന്റെ ഉടമസ്ഥതയിലുള്ള സാജിത ഗണ്ണി ആക്രിക്കടയിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നരക്കും നാലരക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കടയുടെ പൂട്ട് തകർത്ത് മുറിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ബാറ്ററി മോഷണം പോയി.
കടയുടെ മൂന്ന് മുറിയുടെ പൂട്ടും പണമിടുന്ന മേശുടെ ലോക്കും തകർത്ത നിലയിലാണ്. സമീപത്തെ മറ്റ് രണ്ട് മുറിയും തകർത്തെങ്കിലും സാധനങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞില്ല. സമീപത്തെ പച്ചക്കറിക്കടയുടെ സി.സി.ടി.വി കാമറ മോഷ്ടാക്കൾ മുകളിലേക്ക് നീക്കിവച്ചതിനാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിക്കുന്ന തെളിവുകൾ ലഭിച്ചില്ല.
പുലർച്ചെ സമീപത്തെ പളളിയിൽ നിസ്കരിക്കാൻ എത്തിയ ഉടമ മുനീറാണ് കടകൾ തുറന്ന നിലയിൽ ആദ്യം കണ്ടത്. ഉടൻ നീലേശ്വരം പൊലീസിൽ സംഭവം അറിയിച്ചു. എസ്.ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. നഗരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് മാർക്കറ്റ് ജങ്ഷനിലെ മുത്തുവിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം നടന്നിരുന്നു. വാഹനത്തിൽ സഞ്ചരിച്ച് ആക്രികട മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രത്യേക സംഘമാണ് ഇതിന്റെ പിറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉടമ മുനീറിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

