പഴക്കടയിൽ മോഷണം; ഒരാൾ പിടിയിൽ
text_fieldsയൂസുഫ്
കൊടുവള്ളി: കിഴക്കോത്ത് റോഡ് ജങ്ഷനിലെ പഴക്കടയിൽ മോഷണം നടത്തിയ പ്രതികളിലൊരാൾ കൊടുവള്ളി പൊലീസിന്റെ പിടിയിലായി. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസുഫാണ് (24) പിടിയിലായത്. മോഷണം നടന്ന കടയുടെ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ 2.45ന് രണ്ടുപേരടങ്ങുന്ന സംഘം പഴക്കടയിൽ കയറി മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
7000 രൂപ വിലയുള്ള ഒരു ബാറ്ററിയും 10 കിലോയിലധികം വിവിധ തരത്തിലുള്ള പഴങ്ങളുമാണ് കടയിൽ നിന്നും മോഷണം പോയത്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണമാരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടർന്ന് കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും യൂസുഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും കൂടെയുണ്ടായിരുന്ന മോഷ്ടാവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിനോട് പറയുകയും ചെയ്തു. കൂട്ടുപ്രതിക്കുവേണ്ടി നടത്തിയ അന്വേഷണത്തിൽ എളേറ്റിൽ വട്ടോളി സ്വദേശിയായ ഇയാൾ ഒളിവിൽ പോയതായി മനസ്സിലായിട്ടുണ്ട്. ഈ പ്രതിയെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു. പിടിയിലായ യൂസുഫ് ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം സ്ഥിതീകരിച്ചിട്ടുണ്ട്.
കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹന്റെ നിർദേശപ്രകാരം എസ്.ഐമാരായ അനൂപ് അരീക്കര, പ്രകാശൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ജയരാജൻ, ബിനേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. താമരശ്ശേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

