അങ്കാളമ്മൻ കോവിലിലെ മോഷണം: പ്രതി പിടിയിൽ
text_fieldsബിജു
ആലപ്പുഴ: അങ്കാളമ്മൻ കോവിലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ബിജുവാണ് (ചക്കമാടം ബിജു -52) പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിന് രാത്രി ക്ഷേത്രത്തിൽ കയറി തിടപ്പള്ളിയിൽനിന്ന് വിളക്കുകളും കാണിക്ക വഞ്ചിയും മോഷ്ടിക്കുകയായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും സമാന സ്വഭാവത്തിലെ കുറ്റകൃത്യം ചെയ്തവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മട്ടാഞ്ചേരിയിൽനിന്ന് പിടികൂടിയത്. നോർത്ത് സ്റ്റേഷൻ ഓഫിസര്‍ എം.കെ. രാജേഷ്, എസ്.ഐ പ്രദീപ്, എ.എസ്.ഐ ശ്രീലത, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

