Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊട്ടാരത്തിൽ നിന്ന്​...

കൊട്ടാരത്തിൽ നിന്ന്​ കിട്ടിയ പുരാവസ്​തുക്കളായ​ ഉരുളിയും ഭരണിയും കവർന്നു

text_fields
bookmark_border
uruli
cancel
camera_alt

പ്രതീകാത്മക ചിത്രം

കിളിമാനൂർ: കിളിമാനൂർ കൊട്ടാരം കുടുംബാംഗത്തിന്‍റെ വീടിന്‍റെ വാതിൽ പൊളിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പാരമ്പര്യമായി കിട്ടിയ പാത്രങ്ങളും ഭരണികളും കവർന്നു. 70 കിലോയോളം തൂക്കം വരുന്ന വാർപ്പുകൾ, 45 കിലോ തൂക്കം വരുന്ന വലിയ ഉരുളി 30 കിലോ തൂക്കം വരുന്ന മറ്റൊരു ഉരുളി, നിലകാത്, ചട്ടി, വെള്ള ഭരണി, ചീനഭരണി എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് ഉടമ അയ്യപ്പൻകാവ്, പദ്മവിലാസ് പാലസിൽ റിട്ട. അധ്യാപികയായ പദ്മകുമാരി കിളിമാനൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനടുത്ത് വിനായകയിൽ ഗോപാലകൃഷ്ണ ശർമ്മയുടെ വീടിന്‍റെ മുൻവാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇരു വീടുകളിലും ആൾതാമസ മുണ്ടായിരുന്നില്ല. പദ്മവിലാസ് പാലസിൽ സൂക്ഷിച്ചിരുന്ന,നഷ്ടപ്പെട്ട പാത്രങ്ങൾ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും പാരമ്പര്യമായി കിട്ടിയവയായിരുന്നു. ഇവരുടെ കുടുംബ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്‍റെ തെക്കുഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ ശേഷം ഓട് പൊളിച്ചാണ് പാത്രങ്ങൾ ഇരുന്ന മുറിയിലേക്ക് ഇറങ്ങിയത്. പുതിയ വീട് നിർമ്മിച്ച് അടുത്തിടെ താമസമായതിനാൽ പഴയ വീട്ടിലേക്ക് ആരും വരാറില്ലായിരുന്നു. ഗോപാലകൃഷ്ണ ശർമ്മയുടെ അടച്ചിട്ടിരുന്ന വീടിന്‍റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ടതോടെ സമീപത്തുള്ള ബന്ധുവെത്തി നടത്തിയ പരിശോധനയിലാണ് കവർച്ച നടത്താൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ അലമാരയും മറ്റും തുറന്നിട്ടുണ്ട്,വസ്ത്രങ്ങൾ എല്ലാം വാരി വലിച്ചിട്ടുണ്ട്.

ഗൃഹോപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ല. വിവരമറിഞ്ഞ ഉടമ കിളിമാനൂർ പോലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങുകയും ചെയ്തു. പിന്നീടാണ് പദ്മകുമാരിയുടെ വീട്ടിലും കവർച്ച നടന്നതായി അറിയുന്നത്. ഇവിടെ പാത്രങ്ങൾക്ക് പുറമേ മുറിയിൽ സൂക്ഷിച്ചിരുന്ന നാളികേരവും, പൊതിക്കാനുപയോഗിക്കുന്ന കമ്പിപ്പാരയും എടുത്തിട്ടുണ്ട്. കിളിമാനൂർ പോലീസ് കേസെടുത്തു. മോഷണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി കിളിമാനൂർ എസ്.എച്ച്.ഒ. എസ്.സനൂജ് പറഞ്ഞു.

Show Full Article
TAGS:Theft 
News Summary - Theft in a closed house
Next Story