വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
text_fieldsപ്രതി കുറ്റിപ്പുളി റഷീദിനെ എടവണ്ണ പൊലീസ് പത്തപ്പിരിയത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
എടവണ്ണ: എടവണ്ണയിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഭവത്തിലെ പ്രതി പിടിയിൽ.തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി തടത്തരികത്ത് പുത്തൻവീട്ടിൽ അയൂബ് ഖാൻ എന്ന കുറ്റിപ്പുളി റഷീദിനെയാണ് (52) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 19ന് പുലർച്ച എടവണ്ണയിലെ പലചരക്കുകട കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 20,000 രൂപയും നവംബർ 21ന് പുലർച്ച പത്തപ്പിരിയത്തെ മൊബൈൽ ഷോപ് കുത്തിത്തുറന്ന് 4000 രൂപയും ടാബും മോഷണം നടത്തിയതാണ് കേസിനാസ്പദമായ സംഭവം.
കടയുടമകളുടെ പരാതിയെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിെൻറ നിർദേശ പ്രകാരം എടവണ്ണ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് വരുകയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണത്തിനായി ടാറ്റ സുമോ വാഹനത്തിൽ കറങ്ങി നടക്കുന്നതിനിടെ പ്രതിയെ എടവണ്ണയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
കളവുകേസിൽ ജയിൽ മോചിതനായ പ്രതി വേങ്ങരയിൽ വീട് വാടകക്കെടുത്ത് താമസിച്ചു വരുകയായിരുന്നു. പകൽ ടാറ്റ സുമോയിൽ കാടുവെട്ടുന്ന യന്ത്രവുമായി കറങ്ങിനടന്ന് രാത്രിയാണ് പ്രതി മോഷണം നടത്തിയിരുന്നത്.
പ്രതിക്കെതിരെ തിരുവനന്തപുരം ജില്ലയിലും മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, വണ്ടൂർ, കോട്ടക്കൽ പൊലീസ് സ്റ്റേഷനുകളിലുമായി കവർച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളും നിലവിലുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ എസ്.ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എടവണ്ണ സ്റ്റേഷനിലെ എസ്.ഐ കെ. അച്യുതൻ, എ.എസ്.ഐ ഇ. രമേശ്, എൻ. സുഭാഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. മനേഷ് കുമാർ, സി.പി.ഒ നിഷാദ്, വിവേക്, ശ്രീവിദ്യ എന്നിവരും ഉണ്ടായിരുന്നു.