സമൂഹമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ച് പത്തര ലക്ഷം തട്ടിയ കേസ്: യുവാവിനെ കസ്റ്റഡിയിൽ വിട്ടു
text_fieldsമഞ്ചേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവില്‍നിന്ന് പത്തരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ റിമാൻഡില്‍ കഴിയുന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ പൊലീസ് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങി. കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട്ട് വീട്ടില്‍ ബൈജുവിനെയാണ് (42) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍ സി.വി. ലൈജുമോന് ഫെബ്രുവരി 29ന് വൈകീട്ട് നാലര വരെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
ബൈജുവിന്റെ ഭാര്യ റാഷിദയാണ് (38) കേസിലെ ഒന്നാം പ്രതി. അരീക്കോട് കടുങ്ങല്ലൂർ സ്വദേശിയായ യുവാവിൽ നിന്നാണ് പണം തട്ടിയത്.
ഫേസ്ബുക്കിലൂടെ പരാതിക്കാരനുമായി പരിചയപ്പെട്ട റാഷിദ, താന്‍ അനാഥയാണെന്നും അർബുദ ബാധിതയാണെന്നും തൃശൂരിലെ അനാഥാലയത്തിൽ താമസിച്ചുവരുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ഷാഹിന സലാഹുദ്ദീന് എന്ന വ്യാജ ഐഡിയില്‍ മകളുടെ ഫോട്ടോ വെച്ച് ഫേസ്ബുക്ക് പേജ് ഉണ്ടാക്കി. ചികിത്സ ആവശ്യാർഥമെന്ന് പറഞ്ഞ് 2021 മാര്‍ച്ചിനും ഡിസംബറിനും ഇടയിലായി 10,58,498 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇക്കഴിഞ്ഞ പത്തിനാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.