മോഷ്ടാക്കളുടെ വിളയാട്ടം: പട്ടാപ്പകല്‍ ബേക്കറിയിൽ മോഷണം, വളർത്തുനായ്ക്കൾക്ക് വിഷം നൽകിയശേഷം മോഷണശ്രമം
text_fieldsപാലാ: പട്ടാപ്പകല്‍ ബേക്കറിയില്‍നിന്ന് 5000 രൂപ തട്ടിയെടുത്ത വിരുതനെ തിരഞ്ഞ് പൊലീസ്. വ്യാഴാഴ്ച ഉച്ചക്ക് 1.10 ഓടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന പാരഡൈസ് ബേക്കറിയിലാണ് സംഭവം. ഷര്‍ട്ട് ഊരിമാറ്റി മുണ്ട് മാത്രം ധരിച്ച് തലകറങ്ങുന്നതായി ഭാവിച്ച് 40 വയസ്സോളം തോന്നിക്കുന്നയാള്‍ കടയിലേക്ക് കയറിവന്നു. കടയിലെ കസേരയില്‍ ഇരിക്കാന്‍ ശ്രമിച്ച ഇയാളെ ബേക്കറിയിലെ ജീവനക്കാരന്‍ താക്കീത് ചെയ്യുകയും യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഭാഗത്ത് കൊണ്ടിരുത്തുകയും ചെയ്തു. ശേഷം സോഡനാരാങ്ങവെള്ളം കൊടുക്കുകയും ചെയ്തു. കടക്ക് പിന്‍ഭാഗത്ത് ഇരുപ്പുറപ്പിച്ച ഇയാള്‍ കടക്കുള്ളിലെ പ്രവൃത്തികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തിരക്കുള്ള സമയമായതിനാല്‍ കടയുടമ ജോലിത്തിരക്കിലായിരുന്നു. ഇതിനിടെ സോഡനാരങ്ങാവെള്ളം ആവശ്യപ്പെട്ട് ഒരു യുവാവ് വന്നു. നാരങ്ങ പിഴിയാൻ ഉടമ തിരിഞ്ഞ തക്കത്തിന് കടയില്‍ കയറി അയ്യായിരത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
മേശയിലെ തുക പരിശോധിച്ചപ്പോഴാണ് ഉടമക്ക് തട്ടിപ്പ് മനസ്സിലായത്. കടയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നാണ് മുമ്പ് കടയില്‍ കയറിയ ആള്‍തന്നെയാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കിയത്. കുടിച്ച നാരങ്ങവെള്ളത്തിന്റെ തുക കൊടുക്കാനെന്ന വ്യാജേന 50 രൂപയുടെ നോട്ടും ഇയാളുടെ കൈയിലുണ്ടായിരുന്നു.
മല്ലികശ്ശേരി സ്വദേശി തെക്കേക്കുറ്റ് ബിനു ജോസാണ് ബേക്കറി നടത്തുന്നത്. ഉച്ചവരെയുള്ള കച്ചവടം കണക്കുകൂട്ടി 500ന്‍റെ നോട്ടുകള്‍ ക്ലിപ്പിട്ട് വെച്ചിരുന്നു. ഈ ക്ലിപ് സഹിതമാണ് കവർന്നത്. കവർച്ചക്ക് ശേഷവും കടക്ക് പിന്നില്‍ സമയം ചെലവഴിച്ച മോഷ്ടാവ് പെട്ടിയില്‍ പണം തിരയുന്ന സമയത്തും കടക്കുള്ളിലേക്ക് നോക്കിയിരിക്കുകയായിരുന്നു. പിന്നീട് സി.സി ടി.വി പരിശോധിച്ചതോടെ ഇയാള്‍ ഇവിടെനിന്ന് മുങ്ങുകയായിരുന്നു. ഒന്നിലധികം ആളുകളുടെ സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ കെ.പി. ടോംസണ്‍ പറഞ്ഞു. മോഷ്ടാവിന്റെ പിന്നില്‍നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പ്രാഥമികദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല.
വളർത്തുനായ്ക്കൾക്ക് വിഷം നൽകിയശേഷം മോഷണശ്രമം
എരുമേലി: വളർത്തുനായ്ക്കൾക്ക് വിഷംനൽകി വീട്ടിൽ മോഷണശ്രമം നടത്തിയതായി പരാതി. കനകപ്പലം തടത്തേൽ സജിത്താണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം രാത്രി വളർത്തുനായുടെ ശബ്ദംകേട്ട് വീട്ടുടമ ഉണർന്നപ്പോഴാണ് രണ്ട് വളർത്തുനായ്ക്കൾ വിഷം കഴിച്ച നിലയിൽ കണ്ടത്. ഇവയിൽ ഒന്ന് പിന്നീട് ചത്തു. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പറമ്പിൽ നിന്നുമാണ് കണ്ടെത്തിയത്. വീടിന് പുറത്തെ പൈപ്പ് തുറന്നിട്ട നിലയിലായിരുന്നുവെന്നും സജിത് പറയുന്നു. പശുവിനെ മോഷ്ടിക്കാൻ എത്തിയവരാകാമെന്നും ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടതാകാമെന്നും കരുതുന്നു.
കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച
കോട്ടയം: കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ. കട്ടപ്പന സ്വദേശി ജോണാണ് (49) പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച പേരൂർക്കവല ചാലക്കൽ ക്ഷേത്രത്തിലാണ് സംഭവം. കാണിക്കവഞ്ചി കുത്തിത്തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്രത്തിൽ എത്തിയവർ കാണുകയും നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി ഏറ്റുമാനൂർ പൊലീസിന് കൈമാറുകയുമായിരുന്നു. കാണിക്കവഞ്ചിയിൽ പണം കുറവായിരുന്നതിനാൽ വലിയതുക നഷ്ടമായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

