തുണിക്കടയിൽനിന്ന് രണ്ടുവയസ്സുകാരിയുടെ പാദസരം പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ
text_fieldsഅബ്ദുൽ കരീം
വളാഞ്ചേരി: തുണിക്കടയിൽനിന്ന് രണ്ടു വയസ്സുകാരിയുടെ സ്വർണ പാദസരം പൊട്ടിച്ചെടുത്ത കേസിൽ മധ്യവയസ്കൻ പിടിയിൽ. എടരിക്കോട് പാലച്ചിറമാട് ചങ്ങരൻചോല അബ്ദുൽ കരീമിനെയാണ് (47) വളാഞ്ചേരി എസ്.ഐ മുഹമ്മദ് റഫീഖ്, ഗ്രേഡ് എസ്.ഐ ബെന്നി, സീനിയർ സി.പി.ഒ ജയകൃഷ്ണൻ, സി.പി.ഒ ജോൺസൻ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
മാതാവിനോടൊപ്പം തുണിക്കടയിലെത്തിയ കുട്ടിയുടെ കാലിൽനിന്ന് പ്രതി പാദസരം പൊട്ടിച്ചെടുക്കുകയായിരുന്നു. മാതാവ് വസ്ത്രം തിരഞ്ഞെടുക്കുന്നതിനിടെ പ്രതി കുട്ടിയുടെ കാലിനുമുകളിൽ മറ്റൊരു വസ്ത്രം മറച്ചുപിടിച്ചുകൊണ്ട് പാദസരം പൊട്ടിച്ചെടുക്കുകയായിരുന്നു. പാദസരം കാണാതായത് ശ്രദ്ധയിൽപെട്ട മാതാവ് കട ഉടമയോട് പറഞ്ഞു.
പൊലീസെത്തി സി.സി.ടി.വി പരിശോധിച്ചതിനെത്തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വളാഞ്ചേരി ടൗണിൽനിന്ന് പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.