കടകളിൽ മോഷണത്തിനിറങ്ങിയ യുവാക്കൾ സി.സി.ടി.വി.യിൽ കുടുങ്ങി
text_fieldsഅഗളിയിൽ മോഷണത്തിനിറങ്ങിയ യുവാക്കൾ
സി.സി.ടി.വിയിൽ കുടുങ്ങിയപ്പോൾ
അഗളി: അഗളിയിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാക്കൾ സി.സി.ടി.വി.യിൽ കുടുങ്ങി. പാറവളവ് സ്വദേശി ബിജുക്കുട്ടൻ എന്ന കൃഷ്ണൻ (21), ഭൂതിവഴി സ്വദേശി അഖിൽ കൃഷ്ണൻ (21)എന്നിവരാണ് പിടിയിലായത്. ഇരുവരും ബന്ധുക്കളാണ്. അഗളിയിലെ ജനകീയഹോട്ടൽ, ത്രിവേണി സ്റ്റോർ, ബാർബർ ഷോപ്പ്, കെ.ആർ. രവീന്ദ്രദാസിന്റെ ആധാരം എഴുത്താഫിസ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി 12 മണിയോടെ പൂട്ട് തല്ലിത്തകർത്തും ഗ്ലാസ് ചില്ലുകൾ ചവുട്ടിപ്പൊളിച്ചും മോഷണം നടത്തിയത്. ആധാരം എഴുത്താഫിസിനു മുന്നിലുള്ള സി.സി.ടി.വിയിലാണ് പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
ഭൂതിവഴിയിലെ വാടക വീട്ടിലാണ് പ്രതികൾ താമസിച്ചു വന്നിരുന്നത്. ദൃശ്യങ്ങൾ കണ്ട വീട്ടുടമക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിന് വിവരം നൽകുകയായിരുന്നു. തുടർന്നാണ് ഇരുവരും പിടിയിലാകുന്നത്.
പ്രതികൾ മദ്യ ലഹരിയിലാണ് കൃത്യം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. അഗളി സി.ഐ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.