യുവതിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി പീഡനം; യുവാവ് അറസ്റ്റിൽ
text_fieldsനിലമ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ഫോട്ടോകളും വിഡിയോയും കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കാനും പണം തട്ടിയെടുക്കാനും ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻരാജ് ഭവനിൽ ഷുഹൈബിനെയാണ് (23) നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റു ചെയ്തത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി യുവതിയെ പരിചയപ്പെട്ട പ്രതി യുവതിയുടെ നഗ്നഫോട്ടോകളും വിഡിയോയും കൈക്കലാക്കുകയായിരുന്നു.
പിന്നീട് ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നപ്പോൾ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശപ്രകാരം വെള്ളിയാഴ്ചയാണ് പോത്തുകല്ല് ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപത്തുനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചോദ‍്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിക്കുന്നുവെന്ന സമാന രീതിയിലുള്ള നിരവധി പരാതികൾ ഇപ്പോൾ പൊലീസിനു ലഭിക്കുന്നുണ്ട്. എസ്.ഐ എം. അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.