പൊലീസുകാരന് മർദനം; യുവാവ് അറസ്റ്റിൽ
text_fieldsതൊടുപുഴ: മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസുകാരനെ മർദിക്കുകയും ജീപ്പിന്റെ ചില്ല് തല്ലിത്തകർക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വെള്ളിയാമറ്റം നാലംകോട് പള്ളിക്കുന്നേൽ ജോർജാണ് (40) അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
പൊലീസ് പറയുന്നതിങ്ങനെ: തൊടുപുഴ-മൂവാറ്റുപുഴ റോഡിലുള്ള ബാറിന് മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്ന ജോർജിനെ കൺട്രോൾ റൂം എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജീപ്പിൽ കയറ്റി തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ സി.പി.ഒ സ്മിനുവിന്റെ കഴുത്തിൽ വട്ടം ചുറ്റിപ്പിടിച്ച് മുഖത്തും തലയിലും മർദിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ജീപ്പിന്റെ പുറകിലെ ചില്ലും അടിച്ചുതകർത്തു. എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിൽ ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.