യുവാവിനെ കൊന്ന് കുഴിച്ചുമൂടി; ഭാര്യയും കാമുകനും നാല് വർഷത്തിന് ശേഷം അറസ്റ്റിൽ
text_fieldsഗാസിയാബാദ്: നാലുവർഷം മുമ്പ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയയാളുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. അയൽവാസിയുടെ വീട്ടുവളപ്പിൽനിന്നാണ് ഗാസിയാബാദ് പൊലീസ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യയെയും ഇവർക്ക് അവിഹിതബന്ധമുണ്ടായിരുന്ന അയൽക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
2018ലാണ് സംഭവം. ഭർത്താവ് ചന്ദ്രവീറിനെ തട്ടിക്കൊണ്ടുപോയതായി സവിത പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ ഇളയ സഹോദരന്റെമേൽ കുറ്റം ചുമത്താൻ ഇവർ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഈയിടെ ചില സൂചനകൾ ലഭിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് (ക്രൈം) ദിക്ഷ ശർമ പറഞ്ഞു.
സവിതയും കാമുകൻ അരുണും ചേർന്ന് ചന്ദ്രവീറിനെ വെടിവെച്ച് വീഴ്ത്തുകയും തുടർന്ന് അരുണിന്റെ വീട്ടുവളപ്പിൽ കുഴിച്ചിടുകയുമായിരുന്നു. കുഴി സിമന്റ് കൊണ്ട് മൂടിയ ശേഷം അരുൺ വീട്ടിൽ താമസം തുടർന്നു.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് കുഴി തയാറാക്കി വെച്ചിരുന്നതായി പറയുന്നു. ദുർഗന്ധം വമിക്കാതിരിക്കാൻ ഏഴടിയോളം ആഴത്തിലാണ് കുഴിയെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും മറ്റും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

