ഭർത്താവ് തീ കൊളുത്തിയ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
text_fieldsഷൊർണൂർ: ഭർത്താവ് തീ കൊളുത്തി ഗുരുതര പൊള്ളലേറ്റ ഭാര്യയെ സ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വഴക്ക് കൂടുന്നതിനിടെ കൂനത്തറ പാലക്കൽ ഹേമചന്ദ്രനാണ് (56) ഭാര്യ ലക്ഷ്മിയെ (42) തീ കൊളുത്തിയത്.
വഴക്കിനിടെ ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് തീ കൊളുത്തുകയായിരുന്നെന്നാണ് ലക്ഷ്മി മൊഴി നൽകിയതെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു. ദേഹത്ത് തീ പടർന്ന ലക്ഷ്മി വീടിന് പുറത്തുള്ള റോഡിലേക്കോടി. സമീപവാസികൾ കമ്പിളിപ്പുതപ്പ് കൊണ്ട് മൂടിയാണ് തീയണച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഭാഗികമായി പൊള്ളലേറ്റ ഹേമചന്ദ്രനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ മുങ്ങി. പിന്നീട് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ല ആശുപത്രിയിലെ സെല്ലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭാര്യയെ തീ കൊളുത്തിയതിന് ശേഷം ഇയാൾ അടുക്കള ഭാഗത്ത് തൂങ്ങി മരിക്കാനും ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.