വിവാഹാലോചനക്കെത്തിയവരെ പെണ്ണും സംഘവും തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നു, വനത്തിനുള്ളിൽ തടങ്കലിലാക്കി
text_fieldsസസാരം (ബീഹാർ): വിവാഹാലോചനയുടെ ഭാഗമായി പെണ്ണുകാണാൻ വന്നവരെ പെണ്ണും സംഘവും തട്ടിക്കൊണ്ടുപോയി മർദിച്ചു. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ നിന്നുമെത്തിയ ബന്തി ശർമ, പപ്പു കുഷ്‌വാഹ, നരേന്ദ്ര ഗുപ്ത എന്നിവരെ ഭഗവാൻപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബഭാനി വനത്തിൽ ബന്ദികളാക്കിയാണ് അക്രമത്തിനിരയാക്കിയത്.
ഞായറാഴ്ച രാത്രി അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കൈമൂർ പൊലീസ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. 10 ലക്ഷം രൂപ മോചനദ്രവ്യമായി നൽകിയില്ലെങ്കിൽ ബന്ദികളെ കൊല്ലുമെന്നും വൃക്കകളെടുത്ത് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
ബന്ദികളുടെ സ്ഥലത്തെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിൽ, പൊലീസ് ബഭാനി വനം രണ്ട് കിലോമീറ്റർ ചുറ്റളവിൽ വളയുകയും തട്ടിക്കൊണ്ടുപോയവരെ കുടുക്കാനായി തയാറെടുക്കുകയും ചെയ്തു. പൊലീസിനെ കണ്ടപ്പോൾ തട്ടിക്കൊണ്ടുപോയ സംഘത്തിൽപെട്ടവർ ബന്ദികളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി എസ്.പി ഹരിമോഹൻ ശുക്ല പറഞ്ഞു. അക്രമത്തിനിരയായ നരേന്ദ്ര ഗുപ്തയുടെ പരാതിയെ തുടർന്നാണ് എഫ്.ഐ.ആർ ഫയൽ ചെയ്തത്.
കാശി വിശ്വനാഥ ക്ഷേത്രത്തിൽ ആത്മീയ ദർശനത്തിനായി ജനുവരി 10ന് വാരാണസിയിൽ എത്തിയതായിരുന്നു ഇവർ. ഗുപ്തക്കൊപ്പം സുഹൃത്ത് മനീഷ് വാജ്‌പേയി, അമ്മ ശശി ദേവി, പപ്പു കുഷ്‌വാഹ, ഡ്രൈവർ ബന്തി ശർമ എന്നിവരും ഉണ്ടായിരുന്നു. മായ എന്ന യുവതിയെ പെണ്ണുകാണാൻ മനീഷും കൂട്ടരും പിന്നീട് ഭാഭുവയിൽ എത്തി. കൈമൂറിലെ ജെ.ഡി എന്ന ഒരാളാണ് മായയെ പെണ്ണുകാണുന്നതിന് ഇടനിലക്കാരനായിരുന്നത്. ഭാഭുവയിൽ എത്തുന്നതിന് മുമ്പ് വിഡിയോ കോളിൽ മനീഷും ബന്ധുക്കളും മായയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
പെണ്ണുകാണൽ ചടങ്ങിന് ശേഷം, ബന്തിയെയും പപ്പുവിനെയും ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് പറഞ്ഞ് മായ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ എത്തിയതോടെ മായ ഉൾപ്പെടെയുള്ള എട്ടംഘ സംഘം ഇവരെ ക്രൂരമായി മർദിച്ച് പതിനായിരം രൂപയും മൊബൈൽ ഫോണുകളും കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ഇവരെ വനത്തിനുള്ളിലെ വീട്ടിൽ തടങ്കലിലാക്കി.
അക്രമ സംഘത്തിന്റെ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. വികാസ്, രാജേഷ്, ഹരീഷ്, മനീഷ്, പിങ്കി എന്നീ കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാം ചെയ്യുന്നുണ്ടെന്നും എസ്.പി ശുക്ല പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

