മോഷ്ടാവ് പിടിയിൽ
text_fieldsബിനു
പത്തനംതിട്ട: നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട മൊട്ട ബിനു എന്ന ബിനു (42) പത്തനംതിട്ട പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട ആനപ്പാറ സമദ് മൻസിൽ വീട്ടിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള ആനപ്പാറയിലെ എസ്.എൻ ട്രേഡേഴ്സ് എന്ന ആക്രിസാധനങ്ങൾ ശേഖരിക്കുന്ന കടയിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
ചങ്ങനാശ്ശേരി കുറിച്ചി എസ് പുരം തിരുവാതിര ഭവനം വീട്ടിൽ ബിനു കുപ്രസിദ്ധ മോഷ്ടാവാണ്. ഒക്ടോബർ 28 രാത്രി 8.30നും പിറ്റേന്ന് പുലർച്ച അഞ്ചിനുമിടയിലാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് കടക്കുള്ളിൽ കടന്ന ഇയാൾ, മേശയിൽ സൂക്ഷിച്ച 3000 രൂപയും രണ്ടുലക്ഷം രൂപ വിലവരുന്ന ചെമ്പിന്റെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. ആകെ 2,03,000 രൂപയുടെ നഷ്ടമുണ്ടായി.
നസീറിന്റെ മൊഴിപ്രകാരം പത്തനംതിട്ട പൊലീസ് കേസെടുത്ത് നടത്തിയ പരിശോധനയിൽ മോഷണം നടന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിലും തെക്കേമലയിലെ ആക്രിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിലും ഒരാളെ സംശയകരമായി കണ്ടു. സാദൃശ്യം ബോധ്യപ്പെട്ടതിനെ തുടർന്ന് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. നവംബർ 28 ന് പകലും തുടർന്ന് ഡിസംബർ ഏഴിനും പ്രതി ആക്രിസാധനങ്ങൾ വിൽക്കുന്നതിന് തെക്കേമലയിലെ കടയിൽ എത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. രണ്ടാമതും വിൽപനയ്ക്കായി സമീപിച്ചപ്പോൾ സംശയം തോന്നിയ കടക്കാരൻ, ആധാർ കാർഡിന് കോപ്പി ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതുകാരണം കടയുടമ സാധനങ്ങൾ എടുത്തില്ല. ഈ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം പ്രതിയെന്ന് സംശയിച്ച ബിനുവിലേക്ക് എത്തുകയായിരുന്നു.
കുറിച്ചി എസ് പുരത്തുനിന്നും ബുധനാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ബിനുവിനെതിരെ ചെങ്ങന്നൂർ സ്റ്റേഷനിൽ അഞ്ചു മോഷണ കേസുകൾ നിലവിലുണ്ട്. കഞ്ചാവ് കൈവശം വെച്ചതിനു കൊട്ടാരക്കര സ്റ്റേഷനിലും മോഷണത്തിന് ആറന്മുള സ്റ്റേഷനിലും കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

