മോഷണം പിടികൂടി; പണം തിരികെ നൽകി ഒത്തുതീർപ്പാക്കി
text_fieldsമൂലമറ്റം: ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ച സംഭവം പൊലീസ് ഇടപെട്ടതോടെ തിരികെ കൊടുത്ത് ഒത്തുതീർപ്പാക്കി. പണം കിട്ടിയതോടെ പരാതിയില്ലെന്ന് പണം നഷ്ടപ്പെട്ട പെൺകുട്ടി പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം.
ഇടുക്കിയിൽനിന്ന് കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ കുളമാവിൽനിന്ന് കയറിയ പെൺകുട്ടി തിരക്ക് കാരണം സീറ്റിൽ ഇരുന്ന സ്ത്രീയെ ബാഗ് ഏൽപിച്ചു. കണ്ടക്ടർ വന്നപ്പോൾ പെൺകുട്ടി സീറ്റിൽ ഇരിക്കുന്ന സ്ത്രീയുടെ മടിയിലിരുന്ന ബാഗ് തുറന്ന് പണമെടുത്ത് കൊടുത്ത് ടിക്കറ്റ് വാങ്ങി.
ബാക്കി വന്ന പണവും ബാഗിൽ ഇട്ടു. ഇതെല്ലാം ബാഗ് മടിയിൽവെച്ച സ്ത്രീ കണ്ടിരുന്നു. അറക്കുളം അശോക കവലയിൽ എത്തിയപ്പോൾ ബാഗ് പിടിച്ചിരുന്ന സ്ത്രീ ഇറങ്ങി. ഉടൻ പെൺകുട്ടി ബാഗ് തുറന്നുനോക്കിയപ്പോൾ താൻ കുളമാവ് പോസ്റ്റ് ഓഫിസിൽനിന്ന് എടുത്ത 7000 രൂപ നഷ്ടപ്പെട്ടെന്ന് മനസ്സിലായി.
പെൺകുട്ടി ബഹളം വെക്കുകയും കണ്ടക്ടർ വിഷ്ണു കാഞ്ഞാർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. എസ്.ഐ നസീറും സംഘവും അശോക കവലയിൽ എത്തി ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിക്കാൻ സ്ത്രീ തയാറായില്ല. ഉടൻ കാഞ്ഞാർ സ്റ്റേഷനിൽനിന്ന് വനിത പൊലീസിനെ വരുത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.അവിടെ ചെന്നപ്പോൾ ഇടുക്കിസ്വദേശിനി ഭർത്താവിനെ വിളിച്ചുവരുത്തി സ്റ്റേഷന് പുറത്തുവെച്ച് പണം തിരികെ കൊടുത്ത് പ്രശ്നം തീർത്തു. പണം കിട്ടിയ പെൺകുട്ടി കോടതി കയറാൻ പറ്റില്ലെന്ന് പറഞ്ഞ് എസ്.ഐക്കും പൊലീസുകാർക്കും നന്ദി പറഞ്ഞ് പോകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

