തെങ്ങിൻ കുഴിയിൽ ജീർണിച്ച മൃതദേഹം; സിനിമ കഥയെ വെല്ലുന്ന വഴിത്തിരിവുകൾ
text_fieldsഅടൂർ: തെങ്ങിൻ കുഴിയിൽ കാണപ്പെട്ട ജീർണിച്ച മൃതദേഹവും പൊലീസ് അന്വേഷണവും സുഹൃത്തിന്റെ വെളിപ്പെടുത്തലും വഴിത്തിരിവും സിനിമാ കഥയെ വെല്ലുന്നത്. ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവങ്ങൾ നടന്നത്.
രണ്ടു സുഹൃത്തുക്കൾ പതിവുപോലെ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ഭയന്ന വീട്ടുടമ മൃതദേഹം വീടിന് പിന്നിലെ തൈത്തെങ്ങിന്റെ ചുവട്ടിൽ മണ്ണും പുല്ലും വാരിയിട്ട് ചാണക വെള്ളം തളിച്ചു മൂടി. മൂന്നാം നാൾ ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാരും പൊലീസുമെത്തി മൃതദേഹം കണ്ടെടുത്തു. ഭയന്ന് ഒളിവിൽപ്പോയ വീട്ടുടമ പിന്നീട് സ്റ്റേഷനിൽ ഹാജരായി താൻ നിരപരാധിയാണെന്നും മരിച്ചത് ആരാണെന്നും വെളിപ്പെടുത്തി. എന്നാൽ, ഇയാളുടെ മൊഴി മരിച്ചയാളുടെ ബന്ധുക്കൾ അംഗീകരിക്കാതെ വന്നതോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ക്ലൈമാക്സ് എന്തെന്നറിയാൻ കാത്തിരിക്കുകയാണ് ജനം. മണ്ണടി വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലെ പുരയിടത്തിലാണ് സെപ്റ്റംബർ 14 ന് രാവിലെ എട്ടരയോടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹത്തിൽ കാവികൈലി മാത്രമാണുണ്ടായിരുന്നത്.
കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ മരണ കാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മുങ്ങിയ അജി ഈ വിവരം അറിഞ്ഞ് ഏനാത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി മരിച്ചത് മലങ്കാവ് സ്വദേശി മോനച്ചനാണെന്ന് വ്യക്തമാക്കി. അവിവാഹിതനും അലഞ്ഞു നടക്കുന്നയാളുമായ മോനച്ചൻ അജിയുടെ വീട്ടിൽ എത്തി മദ്യപിച്ചു. അൽപം കഴിഞ്ഞപ്പോൾ വെള്ളം ആവശ്യപ്പെട്ട മോനച്ചൻ പിന്നാലെ കുഴഞ്ഞു വീണെന്നാണ് അജിയുടെ മൊഴി. മദ്യപിച്ച് ബോധം പോയതാണെന്ന് കരുതി പായ വിരിച്ച് മോനച്ചനെ കിടത്തി. പിന്നീട് പുറത്തുപോയി വന്നപ്പോൾ ശരീരം തണുത്തു തുടങ്ങിയിരുന്നു. മരിച്ചുവെന്ന് മനസ്സിലാക്കിയ അജി തെങ്ങിൻ കുഴിയിൽ കൊണ്ടുതള്ളി. അജിയുടെ മൊഴിപ്രകാരം മരിച്ചത് മോനച്ചൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ബന്ധുക്കൾ അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

