എസ്.ഡി.പി.ഐ നേതാവിെൻറ ബൈക്ക് കത്തിച്ചു
text_fieldsകണ്ണൂർ സിറ്റിയിൽ ആഷിക്കിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ കത്തിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ കത്തിച്ചു. കണ്ണൂർ സെൻട്രൽ സിറ്റി കമ്മിറ്റി പ്രസിഡന്റ് ടി. ആഷിക്കിന്റെ ബൈക്കാണ് തിങ്കളാഴ്ച പുലർച്ച അഗ്നിക്കിരയാക്കിയത്. തീപടരുന്ന ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോഴേക്കും ബൈക്ക് പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിരക്ഷസേന സ്ഥലത്തെത്തി വീട്ടിലേക്ക് തീപടരുന്നത് തടഞ്ഞു.
ഫോറൻസിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. വെള്ളിയാഴ്ച രാത്രി ഗാന്ധി മൈതാനം ബസ്‌സ്റ്റോപ്പിനുസമീപം പൊലീസ് വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ അപകടത്തിൽപെട്ട് കാറിൽനിന്നും വാളും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തിരുന്നു. യാത്രക്കാരായ നാലുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ മയക്കുമരുന്നു മാഫിയയാണ് പിന്നിലെന്നും കാറിൽനിന്ന് വാൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പ്രതികളെ പിടികൂടണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.