പിടികിട്ടാപ്പുള്ളിയെ തേടിയെത്തിയ പൊലീസിന് ലഭിച്ചത് മരണവിവരം
text_fieldsശ്രീകണ്ഠപുരം: നിരവധി കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ അന്വേഷിച്ച് പൊലീസ് എത്തുമ്പോഴേക്കും പ്രതി മരിച്ചു. കുശാല്‍ നഗര്‍ സ്വദേശിയും ഉപ്പള കൈക്കമ്പയില്‍ താമസക്കാരനുമായ അബ്ദുള്‍കരീമിനെ (52) അന്വേഷിച്ചാണ് ശ്രീകണ്ഠപുരം പ്രിൻസിപ്പൽ എസ്.ഐ സുബീഷ് മോനും എ.എസ്.ഐ എ. പ്രേമരാജനും കഴിഞ്ഞ ദിവസം കാസർകോട് എത്തിയത്.
നിരവധി കേസില്‍ പ്രതിയായ അബ്ദുള്‍കരീമിനെ 2006ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പടന്നയിലെ ഒരു ഹോട്ടലില്‍ ഇയാളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെ എത്തിയെങ്കിലും വീട്ടിലാണെന്ന വിവരമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പൊലീസ് ഉപ്പളയിലെ വീട്ടിലെത്തിയപ്പോഴാണ് ആഴ്ചകൾക്കുമുമ്പ് അബ്ദുള്‍കരീം മരിച്ചുവെന്ന വിവരമറിഞ്ഞത്.
തുടര്‍ന്ന് വീട്ടുകാരെ ആശ്വസിപ്പിച്ച് പൊലീസ് മടങ്ങുകയായിരുന്നു. കോടതിയിൽ ഇതുസംബന്ധിച്ച് റിപ്പോർട്ടും സമർപ്പിച്ചു. ശ്രീകണ്ഠപുരത്തിന് പുറമെ വളപട്ടണത്തും മറ്റും വിവിധ കേസുകളിൽ പ്രതിയായിരുന്നു കരീമെന്ന് പൊലീസ് പറഞ്ഞു.

