പോക്സോ കേസിൽ പ്രതിയായ പഞ്ചായത്തംഗം രാജിവെച്ചു
text_fieldsകല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ പോക്സോ കേസിൽ പ്രതിയായ പഞ്ചായത്തംഗം സഫറുള്ള രാജി വെച്ചു. നാലാം വാർഡായ മരുതിക്കുന്നിലെ സി.പി.എം അംഗമാണ് സഫറുള്ള.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സഫറുള്ള രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സി.പി.എം നാവായിക്കുളം ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് മരുതിക്കുന്നിൽ ചൊവ്വാഴ്ച സ്വാഗത സംഘം ചേരാനിരിക്കെ സഫറുള്ളയുടെ രാജിക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇരുപത്തിരണ്ട് വാർഡുകളുള്ള നാവായിക്കുളം പഞ്ചായത്തിൽ ഭരണകക്ഷിയായ സി.പി.എമ്മിന് 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സഫറുള്ളയുടെ രാജിയോടെ അത് എട്ടായി ചുരുങ്ങി. അഞ്ചാം വാർഡായ മുക്കടയിൽ സി.പി.എം അംഗം നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനും 8 അംഗങ്ങളാണുള്ളത്. അഞ്ച് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാട് ഒരു പക്ഷെ ഭരണമാറ്റത്തിനും വഴി വെച്ചേക്കാം.