മദ്യപർക്കിടയിൽ കുഞ്ഞിനെ നിർത്തിപ്പോയി മാതാവ്
text_fieldsമഞ്ചേരി: നാല് വയസ്സുകാരിയെ മദ്യപർക്കിടയിൽ നിർത്തി മാതാവ് ജോലിക്ക് പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട പിങ്ക് പൊലീസ് കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഉച്ചയോടെ മഞ്ചേരി ആശുപത്രിപ്പടിയിലെ എസ്.ബി.ഐ ബാങ്കിന് സമീപമാണ് സംഭവം. ആക്രിസാധനങ്ങൾ പെറുക്കുന്ന 48കാരിയായ തമിഴ്നാട് സ്വദേശിനിയാണ് കുഞ്ഞിനെ മദ്യപിച്ച് കിടക്കുന്ന രണ്ടുപേരുടെ സമീപം നിർത്തി ജോലിക്ക് പോയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. പിന്നീട് മാതാവിനെ കണ്ടെത്തി ഇരുവരെയും സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കി. മാതാവും മദ്യപിച്ചിരുന്നതായി പിങ്ക് പൊലീസ് പറഞ്ഞു. ഭർത്താവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ജയിലിലാണെന്ന മറുപടിയാണ് നൽകിയത്. കുഞ്ഞിെന സുരക്ഷ കണക്കിലെടുത്ത് മലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.വി. ഷാൻറി, സിവിൽ പൊലീസ് ഓഫിസർ ശ്രീരഞ്ജിനി എന്നിവർ നേതൃത്വം നൽകി.