അമ്മയോട് വഴക്കിട്ട് പോയ പെൺകുട്ടിയെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ നിന്ന്; ചോദിച്ചറിഞ്ഞപ്പോൾ ചുരുളഴിഞ്ഞത് പീഡന വിവരം
text_fieldsഅറസ്റ്റിലായ നിസാമുദ്ദീൻ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സുഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ കെ.ജെ. നിസാമുദ്ദീനാണ് (20) അറസ്റ്റിലായത്.
ഈമാസം 15ന് പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ കുട്ടിയെ പൊലീസ് കണ്ടെത്തിയിരുന്നു. കൗൺസലിങ് നൽകി വിശദമായി ചോദിച്ചപ്പോഴാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
15 ന് അമ്മയ്ക്കും സഹോദരനുമൊപ്പം എരുമേലി സ്റ്റാൻഡിലെത്തിയ പെൺകുട്ടി അമ്മയോട് വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോയി എന്ന മാതാവിന്റെ മൊഴിയനുസരിച്ചാണ് വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയിൽ യുവാവിന്റെ കൂട്ടുകാരിയുടെ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
2019 ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. മൂന്ന് വർഷത്തിനിടെ പലയിടങ്ങളിൽ വെച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി തെളിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തിക്കുകയും തുടർന്ന് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി മൊഴിയെടുക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ സ്റ്റേഷനിൽ വരുത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു.
ബുധനാഴ്ച വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ, മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.