ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; സംഘപരിവാറുകാരനാണെന്ന് നാട്ടുകാർ, അറിയില്ലെന്ന് പൊലീസ്
text_fields1. ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യം. 2.പ്രതി മോഹൻദാസ്
കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ചത് വെള്ളയിൽ സ്വദേശി മോഹൻദാസ്. കോഴിക്കോട് ബീച്ചിൽവെച്ച് ബുധനാഴ്ച വൈകീട്ടാണ് ബിന്ദുവിനെ ആക്രമിച്ചത്. പ്രതി സംഘപരിവാർ പ്രവർത്തകനാണെന്ന് നാട്ടുകാർ പറഞ്ഞു. സംഘപരിവാറുകാരനാണോയെന്ന് അറിയില്ലെന്നാണ് പൊലീസിന്‍റെ മറുപടി. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബേപ്പൂർ സ്വദേശിയായ ഇയാൾ വർഷങ്ങളായി വെള്ളയിലാണ് താമസിക്കുന്നത്. എല്ലാവരും തിരിച്ചറിഞ്ഞിട്ടും സ്റ്റേഷനിൽ നേരിട്ടെത്തിയ പ്രതിയെ പൊലീസിന് സംഭവദിവസം തന്നെ മനസിലാകാതെ പോയത് ദുരൂഹമാണ്. സംഭവത്തിന് ശേഷം പ്രതി വിളിച്ചറിയിച്ചതനുസരിച്ച് വെള്ളയിൽ പൊലീസ് എത്തിയിരുന്നു.
തന്നെ കുറ്റക്കാരിയാക്കി പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ പ്രതിയോട് ആശുപത്രിയിൽ പോയി കിടക്കാനാണ് പൊലീസ് ഉപദേശിച്ചത്. ഇയാൾ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനക്ക് പോലും വെള്ളയിൽ പൊലീസ് തയാറായില്ല. ലഘുവായ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയത്. ബിന്ദുവിന്‍റെ പരാതിയിലുള്ള സംഭവത്തിനനുസരിച്ചുള്ള വകുപ്പുകളാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പ്രഥമ വിവര മൊഴിയിൽ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ വിശദമായ മൊഴി രേഖപ്പെടുത്തുമ്പോൾ നൽകാമെന്ന് അറിയിച്ചിരുന്നതായി അഭിഭാഷക കുടിയായ ബിന്ദു പറഞ്ഞു.
ബുധനാഴ്ച പ്രതിയെ കയ്യിൽ കിട്ടിയിട്ടും പിടികൂടാതിരുന്ന പൊലീസ് മാധ്യമപ്രവർത്തകരിൽ നിന്നും വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ആരാണെന്ന് പോലും വെള്ളയിൽ പൊലീസ് വെളിപ്പെടുത്താൻ മടിച്ചു. വ്യാഴാഴ്ച രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവടക്കം പ്രമുഖർ ആക്രമണത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. തുടർന്നാണ് അൽപമെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ പൊലീസ് തയാറായത്.
ആക്രമണമുണ്ടാകുന്നതിന് മുമ്പ് ചിലർ തന്നെ പിന്തുടരുകയും ബിന്ദു അമ്മിണിയല്ലേ എന്ന് ചോദിക്കുകയും 'നമ്മുടെ സ്വന്തം ചേച്ചിയാണെന്ന്' കളിയാക്കുകയും ചെയ്തതായി ബിന്ദു പറഞ്ഞു. ഇതിന് പിന്നാലെ ബിന്ദു അമ്മിണി തന്‍റെ സ്റ്റേഷൻ പരിധിയായ കൊയിലാണ്ടിയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരമറിയിച്ചിരുന്നു. എന്നാൽ, തന്‍റെ പരിധിയിലല്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. നിരന്തരമായ ആക്രമണം തുടരുന്നതിനാൽ കേരളം വിടാൻ പോലും ആലോചിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ വിവിധ സാമൂഹ്യപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് വാർത്ത സമ്മേളനം നടത്തും. വരുംദിവസങ്ങളിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കടക്കം മാർച്ച് നടത്താനും സംഘടനകൾ തയാറെടുക്കുന്നുണ്ട്. ബിന്ദു അമ്മിണിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.