പാലക്കാട് കഞ്ചാവുകേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ
text_fieldsസലാം
ആലുവ: അന്തർ സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിെൻറ മറവിൽ 150 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ലപറമ്പിൽ സലാമാണ് പിടിയിലായത്. ഇയാൾ എക്സൈസ് പ്രത്യേക സംഘത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ 12ന് രാവിലെ സേലം-കന്യാകുമാരി ദേശീയപാതയിൽ പാലക്കാട് പാലന ആശുപത്രിക്ക് സമീപത്താണ് കഞ്ചാവ് പിടികൂടിയത്.
കൊൽക്കത്തയിൽനിന്ന് അമ്പതോളം അന്തർ സംസ്ഥാന തൊഴിലാളികളുമായി വന്ന റാവൂസ് ട്രാവൽസ് ടൂറിസ്റ്റ് ബസിലാണ് കഞ്ചാവ് കടത്തിയത്. 70 പാക്കറ്റിലായി ഒളിപ്പിച്ചുകടത്തിയ 150 കിലോയിൽ അധികം കഞ്ചാവ് രണ്ട് ആഡംബര കാറുകളിൽ മാറ്റിക്കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിെട രഹസ്യവിവരം ലഭിച്ചതനുസരിച്ചെത്തിയ എക്സൈസ് പിടികൂടുകയായിരുന്നു.
വാഹനങ്ങളിൽ ഉണ്ടായിരുന്ന കഞ്ചാവുകടത്തിൽ ഉൾപ്പെട്ട ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ അന്നേ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ സലാമിനെക്കുറിച്ച വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് അംഗങ്ങൾ അന്വേഷണം ആരംഭിച്ചു. പരിശോധന തുടരുന്നതിനിടെ ചൊവ്വാഴ്ച സലാം ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ കീഴടങ്ങുകയായിരുന്നു. തുടർ നടപടിക്ക് സലാമിനെ പാലക്കാട് അസിസ്റ്റൻറ് എക്സൈസ് കമീഷണർക്ക് കൈമാറി.