യുവാവിനെ ഹോട്ടലിൽ എത്തിച്ച് മർദിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ
text_fieldsപെരുമ്പാവൂർ: വായ്പ നൽകിയ പണം തിരികെ നൽകിയില്ലെന്നുപറഞ്ഞ് യുവാവിനെ ഹോട്ടലിൽ വിളിച്ചു വരുത്തി മർദിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്തിനെയാണ് (29) കോടനാട് പൊലീസ് പിടികൂടിയത്. കുറിച്ചിലക്കോട് സ്വദേശി ഡാർവിനാണ് മർദനമേറ്റത്.
ഡാർവിൻ ഇടനിലക്കാരനായിനിന്ന് സുഹൃത്തിന് അജിത്തിൽനിന്ന് വാങ്ങി നൽകിയ പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം. ഡാർവിനെ കുറിച്ചിലക്കോടുള്ള ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മുറിയിലുണ്ടായിരുന്ന അജിത്തും സംഘവും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതി പത്തോളം കേസിൽ ഉൾപ്പെട്ട ആളാണ്. കോടനാട് സബ് ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, ദേവസി, സീനിയർ സി.പി.ഒ പ്രസീൻ രാജ്, ജോസ് മാത്യു, ബെന്നി ഐസക്, രാജീവ് വിനോദ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

