ഹൊസങ്കടി ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
text_fieldsപ്രതി കിരൺ
കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി കിരണാണ് (35) അറസ്റ്റിലായത്. ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സുരക്ഷ ജീവനക്കാരനെ ബന്ദിയാക്കി 15 കിലോ വെള്ളിയാഭരണങ്ങളും നാലു ലക്ഷം രൂപയും കൊള്ളയടിച്ചത്. ജ്വല്ലറിയിൽനിന്ന് കവർന്ന വെള്ളിയാഭരണങ്ങളിൽ ഏഴു കിലോയും രണ്ട് ലക്ഷം രൂപയും നേരത്തേ പിടികൂടിയിരുന്നു. കർണാടകയിൽ വാഹന പരിശോധനക്കിടെയാണ് ഇത് പിടികൂടിയത്. ശേഷിക്കുന്നവ മറ്റൊരു കാറിൽ കടത്തിയെന്നാണ് നിഗമനം. മുഖ്യപ്രതിയെ കണ്ടെത്തിയതോടെ മുഴുവൻ ആഭരണങ്ങളും കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ല പൊലീസ് മേധാവി പി. രാജീവിെൻറ മേൽനോട്ടത്തിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.കെ. ബാലകൃഷ്ണൻ, നാരായണൻ നായർ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശിവകുമാർ എന്നിവരാണ് കേസന്വേഷിച്ചത്.