വൈദ്യുതിലൈൻ പദ്ധതിയുടെ എൽ.ടി.എ.ബി കേബിൾ മോഷണംപോയി
text_fieldsബദിയടുക്ക: വൈദ്യുതി ലൈൻ പദ്ധതി പ്രവൃത്തിക്കായി ഇറക്കിവെച്ച നാല് ലക്ഷത്തോളം രൂപ വിലവരുന്ന എൽ.ടി.എ.ബി കേബിളുകൾ മോഷണം പോയി. പെർള കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ ഗുണാജെ ട്രാൻസ്ഫോർമറിന് സമീപം വൈദ്യുതി പദ്ധതിയുടെ ഭാഗമായി ഇറക്കിവെച്ച കേബിളുകളാണ് മോഷണം പോയത്. പെർള കെ.എസ്.ഇ.ബി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി കാമറകളിൽനിന്ന് മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. മുഖംമൂടി ധരിച്ച സംഘം പിക്കപ്പ് വാനിലെത്തി കേബിളുകൾ കടത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വ്യാഴാഴ്ച പുലർച്ചെ 2.30നും നാലിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് വീപ്പകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 1000 മീറ്റർ കേബിളാണ് സംഘം കടത്തിക്കൊണ്ടുപോയത്.
എന്മകജെ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ ഗുണാജെ-പൊസടുക്ക പ്രദേശത്തേക്ക് വൈദ്യുതി പദ്ധതിയുടെ ഭാഗമായി ലൈൻ വലിക്കുന്നതിനായി ഇറക്കിവെച്ച കേബിളുകളായിരുന്നു ഇവ.
തദ്ദേശവാസി നൽകിയ വിവരത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കേബിളുകൾ മോഷണം പോയതായി സ്ഥിരീകരിച്ചത്. കേസെടുത്ത ബദിയടുക്ക പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം പ്രതി പൊലീസ് വലയിലായതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

