യാത്രക്കാരിയുടെ മാല കവർന്ന സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
text_fieldsവള്ളി,മാരി
കരുമാല്ലൂര്‍: ബസ് യാത്രക്കാരിയായ യുവതിയുടെ മാല കവർന്ന തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ബസില്‍ തിരക്ക് സൃഷ്ടിച്ച് പണവും ആഭരണങ്ങളും കവർച്ച പതിവാക്കിയ തമിഴ് നാടോടി സ്ത്രീകളെയാണ് നാട്ടുകാർ പിടികൂടിയത്. പഴനി മാരിയമ്മന്‍ തെരുവ് സ്വദേശികളായ വള്ളി (45), മാരി (40) എന്നിവരെയാണ് നാട്ടുകാര്‍ പിടിച്ച് ആലങ്ങാട് പൊലീസിന് കൈമാറിയത്.
വെള്ളിയാഴ്ച രാവിലെ 11ന് കരുമാല്ലൂര്‍ തട്ടാംപടിയിലായിരുന്നു സംഭവം. തട്ടാംപടി കൊണ്ടനാട്ടുപറമ്പ് വീട്ടില്‍ ഗിരിജ ആലുവയില്‍നിന്നുള്ള കെ.എസ്.ആര്.ടി.സി ബസില്‍ വീട്ടിലേക്ക് വരുകയായിരുന്നു. തട്ടാംപടി കവലയില്‍ ഇറങ്ങുമ്പോഴാണ് കഴുത്തില്‍ കിടന്ന സ്വര്‍ണമാല നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടൻ ഒച്ചവെക്കുകയും കണ്ടക്ടറോട് വിവരം പറയുകയും ചെയ്തു. കണ്ടക്ടര്‍ ചെറായി സ്വദേശി അനില്‍കുമാര്‍ ബസില്‍നിന്ന് ആരും പുറത്തേക്ക് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു. പരിശോധന നടത്തിയപ്പോള്‍ ആ സമയം ഗിരിജയുടെ അടുത്തു നിന്ന കറുത്ത പര്‍ദ ധരിച്ച സ്ത്രീകളുടെ സമീപത്തുനിന്നും മാല കണ്ടുകിട്ടി. ഉടൻ ആ സ്ത്രീകള്‍ ബസില്‍നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. ഓട്ടത്തിനിടെ പര്‍ദ ഊരി വലിച്ചെറിയുകയും ചെയ്തു. അതോടെ ബസിലുണ്ടായിരുന്നവരും നാട്ടുകാരും പിന്നാലെ ഓടി അവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആലങ്ങാട് പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

