യുവതിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട ശശികല, പിടിയിലായ ഭർത്താവ് സുധാകർ നായിക്
മംഗളൂരു: മംഗളൂരുവിനടുത്ത ബെൽത്തങ്ങാടിയിൽ യുവതിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബെൽത്തങ്ങാടി ബെലളു ഗ്രാമത്തിൽ മച്ചാരുവിൽ സുധാകർ നായികിനെ (31) ധർമസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ശശികലയെ (27) വെള്ളിയാഴ്ചയാണ് വീടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം താൻ ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ കിണറ്റിൽ മരിച്ചു കിടക്കുന്നത് കണ്ടുവെന്ന് റബർ ടാപ്പിങ് തൊഴിലാളിയായ സുധാകർ നായ്ക് തന്നെയാണ് പൊലീസിനെ അറിയിച്ചത്. മകൾ വല്യമ്മയുടെ വീട്ടിൽ പോയതിനാൽ വ്യാഴാഴ്ച രാത്രി ദമ്പതികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
ഭാര്യ ആത്മഹത്യ ചെയ്തെന്ന് വരുത്താനായിരുന്നു നായികിന്റെ ശ്രമം. എന്നാൽ യുവതിയുടെ മരണം തലേന്ന് രാത്രി സംഭവിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ ഭർത്താവ് കെട്ടിച്ചമച്ച ആത്മഹത്യാ നാടകം പൊളിയുകയും കുറ്റം ഏൽക്കുകയുമായിരുന്നു.
അകന്ന ബന്ധുക്കളായ ഇരുവരും ഏഴ് വർഷം മുമ്പാണ് പ്രണയവിവാഹിതരായത്. യുവതിക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

