കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം; പിന്നിൽ ഓണ്‍ലൈൻ ലോൺ ആപ്പുകാരെന്ന് പരാതി
text_fieldsനിജോ, ഭാര്യ ശിൽപ,ഏയ്ബൽ,ആരോൺ
വരാപ്പുഴ(കൊച്ചി): രണ്ട് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. വലിയ കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ എയ്ബൽ (എട്ട്), ആരോൺ (അഞ്ച്) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച ശിൽപയെ ഓണ്‍ലൈൻ ലോൺ ആപ്പുകാർ കെണിയിൽപ്പെടുത്തിയതാണെന്ന് സൂചന. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിജോയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കുടുംബത്തിന്റെ മരണശേഷം ശില്പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്കു വന്നതോടെയാണ് സംശയം ശക്തമായത്. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
നിർമാണ തൊഴിലാളിയും ഡിസൈനറുമായ നിജോയെ അന്വേഷിച്ച് കൂടെ ജോലി ചെയ്യുന്നയാൾ ചൊവ്വാഴ്ച രാവിലെ ഇവർ താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. മുകൾനിലയിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് താഴത്തെ നിലയിലുള്ള നിജോയുടെ അമ്മയെയും സഹോദരനെയും വിവരം അറിയിച്ചു. അമ്മയും സഹോദരനുമെത്തി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകയറി. നിജോയും ശിൽപയും തൂങ്ങി മരിച്ച നിലയിലും ഏയ്ബലും ആരോണും ഒരു കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. പൊലീസ് സ്ഥലത്തെത്തും മുമ്പുതന്നെ കുട്ടികളുടെയും പിന്നീട് നിജോയുടെയും ശിൽപയുടെയും മൃതദേഹങ്ങൾ നാട്ടുകാർ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചിരുന്നു.
സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുറിപ്പിനൊപ്പം നാല് പേരുടെയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഉണ്ടായിരുന്നു. ജോലിക്കായി ശിൽപ വിദേശത്ത് പോയിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനാൽ തിരിച്ചെത്തി. ഇതേ തുടർന്ന് സാമ്പത്തിക ബാധ്യത വന്നതായാണ് പറയുന്നത്. പിന്നീട് ഇറ്റലിക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. തിങ്കളാഴ്ച രാത്രി സമീപത്തെ കല്യാണ ചടങ്ങിൽ നിജോ പങ്കെടുത്തിരുന്നു. ഏയ്ബൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിൽ മൂന്നാം ക്ലാസിലും ആരോൺ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കടമക്കുടി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. പരേതനായ ജോണി-ആനി ദമ്പതികളുടെ മകനാണ് നിജോ. സഹോദരൻ ടിജോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

