സമീപവാസിയുടെ വീട്ടിൽ പൊള്ളലേറ്റ് യുവാവ് മരിച്ച സംഭവം: കൂടുതൽ അന്വേഷണത്തിന് പൊലീസ്
text_fieldsചാരുംമൂട്: നൂറനാട് പുലിമേൽ കുമ്പളൂർ വീട്ടിൽ ജിതേഷ് (38) സമീപവാസിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. ജിതേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തൽ. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ വീട്ടിൽ ജിതേഷിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ഈ സമയം വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും മകൾ ആശക്കും പൊള്ളലേറ്റിരുന്നു. സാരമായ പരിക്കുള്ള ആശ ചികിത്സയിലാണ്. ഇവരുടെ വീടുമായി ജിതേഷിന് വളരെ അടുപ്പമാണ് ഉണ്ടായിരുന്നത്.
മൂന്നുമാസം മുമ്പ് ഇവരുടെ കാറ് വിൽക്കുന്നത് വരെ ഇത് ഓടിച്ചിരുന്നതും ജിതേഷായിരുന്നു. സംഭവത്തിനു ശേഷം രാമചന്ദ്രൻ നായരുടെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽനിന്നാണ് മരണം ആത്മഹത്യയെന്ന് കണ്ടെത്തിയത്. ജിതേഷ് ഒരു ബാഗുമായി വന്നുകയറുകയും വീട്ടുകാരുടെ മുന്നിൽവെച്ച് പെട്രോൾ പോലെ എന്തോ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. പെട്ടെന്ന് തീ ആളിപ്പടർന്നതിനാലും തീപിടിത്തത്തിന്റെ സ്വഭാവവും പരിശോധിച്ചതിൽനിന്ന് കത്തിക്കാൻ ഉപയോഗിച്ചത് പെട്രോളാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. വീട്ടിനുള്ളിൽ തീ പടർന്നതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനടയിലാണ് രാമചന്ദ്രൻ നായർക്കും മകൾ ആശക്കും പൊളലേറ്റതെന്നും തങ്ങളെകൂടി അപായപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരിക്കാം ജിതേഷ് എത്തിയതെന്ന് സംശയിക്കുന്നതായും ഇവർ പൊലീസിന് മൊഴി നൽകി.
സംഭവത്തിനു പിന്നിലുള്ള കാരണങ്ങൾ കണ്ടെത്താനുൾപ്പെടെ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് സി.ഐ പി. ശ്രീജിത് പറഞ്ഞു. ജിതേഷിന്റെ ബന്ധുക്കളും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

